food
പ്രത്യേകം തയ്യാറാക്കിയ പന്തലിൽ ഉച്ച ഭക്ഷണം കഴിക്കുന്ന കായിക താരങ്ങൾ

കൽപ്പറ്റ: പന്ത്രണ്ടാമത് ജില്ലാ സ്‌കൂൾ കായികമേളയിൽ രുചിയൂറും വിഭവങ്ങളുമായി കലവറ സജീവം. കായികമേളയിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ, അദ്ധ്യാപകർ, സംഘാടകർ, മാദ്ധ്യമ പ്രവർത്തകർ എന്നിവർക്കായാണ് തനതുവിഭവങ്ങളുടെ രുചി പെരുമ ഒരുക്കിയിരിക്കുന്നത്. സ്റ്റേഡിയത്തിന് സമീപം പ്രത്യേക പന്തൽ കെട്ടിയാണ് പ്രദേശവാസികൾ ഉൾപ്പെടെ ഭക്ഷണ വിതരണത്തിൽ സജീവമായിരിക്കുന്നത്. 18 ഇനങ്ങളടങ്ങിയ സദ്യയായിരുന്നു രണ്ടാം ദിനത്തിലെ പ്രത്യേകത. മുണ്ടേരി ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ ആതിഥേയത്വം വഹിക്കുന്ന മേളയിൽ മൂന്നുനേരവും രുചികരമായ ഭക്ഷണം ഒരുക്കുന്ന തിരക്കിലാണ് ഭക്ഷണ കമ്മിറ്റിക്കാർ. രാവിലെ ഇഡലിയും സാമ്പാറും ഉച്ചയ്ക്ക് ഒന്നാന്തരം സദ്യയും. മേളക്കെത്തുന്ന മുഴുവനാളുകൾക്കും പ്രത്യേകം സജ്ജമാക്കിയ പന്തലിൽ നിന്ന് ഭക്ഷണം നൽകുന്നുണ്ട്. മേളയുടെ സമാപന ദിവസമായ ഇന്ന് ചിക്കൻ ബിരിയാണിയാണ് തയ്യാറാക്കുന്നത്.