മാവേലിക്കര : നീണ്ട കാത്തിരിപ്പിനൊടുവിൽ തഴക്കര ശുദ്ധജല പദ്ധതി യാഥാർത്ഥ്യത്തിലേക്കടുക്കുന്നു. 2018-19 ബഡ്ജറ്റിൽ അനുവദിക്കുകയും പിന്നീട് ജൽജീവൻ മിഷനിൽ ഉൾപ്പെടുത്തുകയും ചെയ്ത സ്വപ്നപദ്ധതിയുടെ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ജനുവരിയിൽ തുടങ്ങാനാണ് തീരുമാനം.
തഴക്കര, മാവേലിക്കര, ചെട്ടികുളങ്ങര എന്നിവിടങ്ങളിലേക്കുള്ള സമ്പൂർണ കുടിവെള്ള പദ്ധതിയാണിത്. പദ്ധതിക്കായി 11 ലക്ഷം ലിറ്റർ ശേഷിയുള്ള സംഭരണിയാണ് സ്ഥാപിക്കേണ്ടത്. ഇതിനായുള്ള സ്ഥലത്തിന്റെ ലഭ്യതയാണ് നിർമ്മാണ പ്രവർത്തനം നീണ്ടു പോകാൻ കാരണമായത്. ഇപ്പോൾ തഴക്കര പഞ്ചായത്തിൽ പഞ്ചായത്ത് ഓഫീസിന് സമീപം ജില്ലാ കൃഷിത്തോട്ടത്തിൽ നിന്ന് 15 സെന്റ് സ്ഥലം വിട്ടു നൽകാൻ കളക്ടർ വി.ആർ.കൃഷ്ണതേജ ഉത്തരവ് നല്‍കി.
പദ്ധതി പൂർത്തിയാകുന്നതോടെ തഴക്കര, ചെട്ടികുളങ്ങര പഞ്ചായത്തുകളിലെയും മാവേലിക്കര നഗരസഭയിലെയും കുടിവെള്ള ക്ഷാമത്തിന് ശ്വാശ്വത പരിഹാരമാകും.
പദ്ധതി ഇങ്ങനെ
കിണർ നിർമ്മിക്കുക നഗരസഭയിലെ മണ്ഡപത്തിന്‍ കടവിന് സമീപം
ട്രീറ്റ്‌മെന്റ് പ്ലാന്റ് ജല അതോറിട്ടിയുടെ മാവേലിക്കരയിലുള്ള സ്ഥലത്ത്
നിർമ്മാണ ചുമതല ജല അതോറിട്ടി പ്രോജക്ട് ഡിവിഷന്‍
160 കോടി രൂപ : പദ്ധതി ചിലവ്
പദ്ധതിയുടെ സംഭരണി സ്ഥാപിക്കാൻ സ്ഥലം കണ്ടെത്തുന്ന തടസം മാറി. നിരന്തരം അവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കൃഷി മന്ത്രി പി.പ്രസാദ് പ്രത്യേക അനുമതി നല്‍കിയതിനെത്തുടർന്ന് ജില്ലാ കൃഷിത്തോട്ടത്തിൽ സ്ഥലം നൽകാൻ കളക്ടർ ഉത്തരവിറക്കി
എം.എസ്.അരുൺ കുമാർ എം.എൽ.എ