
ആലപ്പുഴ: തോട്ടപ്പള്ളി സ്പിൽവേ, തണ്ണീർമുക്കം ബണ്ട് എന്നിവിടങ്ങളിലെ ഷട്ടറുകൾ ഉയർത്തിയിട്ടും കുട്ടനാട്, അപ്പർകുട്ടനാട് മേഖലയിലെ ജലനിരപ്പ് താഴാത്തത് കർഷകരെ വലയ്ക്കുന്നു. അപ്രതീക്ഷിത വേലിയേറ്റത്തിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതും കടലിലേക്ക് വെള്ളം ഒഴുകാത്തതും സ്ഥിതിഗതികൾ രൂക്ഷമാക്കുകയാണ്.
കടലിലെ വേലിയേറ്റത്തിൽ ഉപ്പുവെള്ളം തടയാൻ പ്രധാന തോടുകളിൽ ഓരുമുട്ട് സ്ഥാപിക്കുന്നതിന് മേജർ, മൈനർ ഇറഗേഷന് പത്ത് ദിവസംമുമ്പ് ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയിരുന്നെങ്കിലും ഇന്നലെ വരെ ഒന്നുപോലും നിർമ്മിച്ചില്ല. മഴ തുടരുന്നതിനാൽ കുട്ടനാട്, അപ്പർ കുട്ടനാട് പാടശേഖരങ്ങളുടെ പുറംബണ്ടുകൾ കവിഞ്ഞ് വെള്ളം പാടശേഖരങ്ങളിലേക്ക് കയറുകയാണ്. ഡിസംബർ 15 വരെ കടലിൽ നിന്നുള്ള വേലിയേറ്റം തുടരാനാണ് സാദ്ധ്യത.
മേഖലയിലെ 15,500 ഹെക്ടർ പുഞ്ചക്കൃഷിയെ ഇത് ദോഷകരമായി ബാധിക്കും. ഇത്തവണ 28,000 ഹെക്ടറിലാണ് ഇക്കുറി പുഞ്ചക്കൃഷി പ്രതീക്ഷിക്കുന്നത്. പാതി ഭാഗത്തു മാത്രമാണ് ഇതുവരെ വിത കഴിഞ്ഞത്. മുൻകാലങ്ങളിലെ പോലെ ഇറിഗേഷൻ വകുപ്പിന്റെ മേൽനോട്ടത്തിൽ ചെറുതും വലുതുമായ 49 ഓരുമുട്ടുകളുടെ നിർമ്മാണം പൂർത്തീകരിക്കേണ്ടതുണ്ട്. വേലിയേറ്റത്തിൽ തോട്ടപ്പള്ളി ലീഡിംഗ് ചാനൽ, കായംകുളം കായലുകൾ വഴിയാണ് ഓരുജലം കയറുന്നത്. തണ്ണീർമുക്കം ബണ്ടിലെയും തോട്ടപ്പള്ളി സ്പിൽവേയിലെയും ഷട്ടറുകൾ ഉയർത്തിയിട്ടും കടലിലേക്ക് നീരൊഴുക്ക് ശക്തമാകാത്തതും കിഴക്കൻ വെള്ളത്തിന്റെ വരവും നെൽകൃഷിക്കും കായൽ തീരങ്ങളിൽ താമസിക്കുന്ന കുടുംബങ്ങൾക്കും ഭീഷണിയായി. നെൽകൃഷിയെപ്പോലെ തന്നെ ഇടവിളക്കൃഷി, മരച്ചീനി, ജാതി, വാഴ, പച്ചക്കറികൾ എന്നിവയ്ക്കും ഭീഷണിയാണ് ഉപ്പുവെള്ളം. മുൻകാലങ്ങളിൽ നവംബറിൽ പൂർത്തീകരിക്കേണ്ടിയിരുന്ന ഓരുമുട്ടുകൾ ഇത്തവണ ഇതുവവരെ നിർമ്മിച്ചിട്ടില്ല. ജില്ലയിലെ മുഴുവൻ ഓരുമുട്ടുകളുടെയും നിർമ്മാണം അടിയന്തരമായി പൂർത്തീകരിക്കാൻ ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്.
# ഓരിന്റെ അളവ് കൂടുന്നു
തോട്ടപ്പള്ളി സ്പിൽവേയിൽ ഉയർത്തിയ ഷട്ടറുകൾ സാങ്കേതിക തകരാർ മൂലം താഴ്ത്താൻ പറ്റാത്ത അവസ്ഥയുണ്ടായിരുന്നു. ഇതോടെ പാടശേഖരങ്ങളിലെ പുറംതോടുകളിൽ ഓരിന്റെ അളവ് ക്രമാതീതമായി. കഴിഞ്ഞ ദിവസം മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം അധികൃതർ തൃക്കുന്നപ്പുഴ മുതൽ കുട്ടനാട്, അപ്പർകുട്ടനാട് പ്രദേശങ്ങളിലെ തോടുകളിൽ നിന്ന് ഉപ്പു വെള്ളം എടുത്തു പരിശോധന നടത്തി.
രണ്ട് യൂണിറ്റിൽ കൂടുതൽ ഉപ്പിന്റെ അളവുണ്ടെങ്കിൽ നെൽകൃഷിയെ ബാധിക്കും. കുട്ടനാട്ടിലെ പല പ്രദേശങ്ങളിലും നടത്തിയ പരിശോധനയിൽ ഉപ്പിന്റെ അളവ് കൂടുതലാണെന്ന് കണ്ടെത്തി.
# അടിയന്തര യോഗം
വേലിയേറ്റവുമായി ബന്ധപ്പെട്ട മുന്നോരുക്കം തീരുമാനിക്കാൻ കൃഷി, ഇറിഗേഷൻ, ദുരന്തനിവരാണ അതോറി
ട്ടി, റവന്യു വിഭാഗങ്ങളുടെ അടിയന്തര യോഗം കളക്ടർ വി.ആർ.കൃഷ്ണതേജ ഇന്ന് വിളിച്ചു ചേർത്തിട്ടുണ്ട്.
ആകെ ഓരുമുട്ട്: 49
# വിത ഹെക്ടറിൽ
പ്രതീക്ഷിക്കുന്നത്: 28,000
പൂർത്തീകരിച്ചത്: 15,500