മാന്നാർ: റോഡുകളിൽ മാലിന്യം തള്ളുന്നവരെ തടയാൻ നിരീക്ഷണ കാമറകൾ സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിൽ മാന്നാർ ഗ്രാമപഞ്ചായത്ത്. മാന്നാറിലെ പ്രധാനവീഥികളിലും ആളൊഴിഞ്ഞ ഇടവഴികളിലും മാലിന്യങ്ങൾ തള്ളുന്നത് പതിവായതോടെയാണ് തീരുമാനം.
കോഴി, പച്ചക്കറി കടകളിലെ മലിന്യങ്ങൾ ചാക്കിൽ കെട്ടി വഴിയരികിൽ തള്ളുകയാണ്. ഹരിത കർമ സേന വീടുകളിൽ നിന്നും മറ്റുമായി പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നതിനാൽ വീടുകളിലെ മറ്റ് മാലിന്യങ്ങൾ അതാതിടങ്ങളിൽ സംസ്കരിക്കേണ്ടതിന് പകരം പലരും റോഡ് വക്കത്തേക്ക് തള്ളുകയാണ്. മാലിന്യം വലിച്ചെറിയുന്ന പ്രവണത വർദ്ധിച്ചതോടെയാണ് ഗ്രാമപഞ്ചായത്ത് രംഗത്തിറങ്ങിയത്. നിരീക്ഷണ കാമറ വയ്ക്കേണ്ട സ്ഥലങ്ങൾ കഴിഞ്ഞ ദിവസം പഞ്ചായത്ത് അധികതർ സന്ദർശിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ ശ്രദ്ധേയം, സെക്രട്ടറി ഗീവർഗീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്ഥലപരിശോധന.