milk
പാൽവില വർദ്ധനവ്,​

ആലപ്പുഴ: പാൽ വില കൂട്ടിയെങ്കിലും ഇതിന്റെ ഗുണം ലഭിക്കാതെ ഇടത്തരം കർഷകർ. പാൽ വില ആറു രൂപ വർദ്ധിപ്പിച്ചെങ്കിലും കർഷകന്റെ കൈകളിൽ എത്തുന്നത് 1.65രൂപ മാത്രമാണ്. വില വർദ്ധനവിൽ 83.75ശതമാനം തുകയായ 5.25രൂപയാണ് കർഷകർക്ക് നൽകണമെന്നാണ് മിൽമയുടെ നിർദ്ദേശം. എന്നാൽ പാൽവില കൂട്ടുന്നതിന് മുന്നോടിയായി മിൽമയും കേരള ഫീഡ്സും കിലോ കാലിത്തീറ്റക്ക് 3.60രൂപ വർദ്ധിപ്പിച്ചത് ചെറുകിട കർഷകർക്ക് പ്രതിസന്ധിയായത്. കർഷകർ സംഘങ്ങളിൽ നൽകുന്ന പാലിന് 30റീഡിംഗും കൊഴുപ്പ് 3ൽ താഴെയുമായാൽ വിലയും കുറയു. ഇത് കർഷകർക്ക് തിരിച്ചടിയാകും. ഒരു ലിറ്റർ പാൽ 50 രൂപയ്ക്ക് ക്ഷീരസംഘങ്ങൾ വിൽക്കുമ്പോൾ കർഷകർക്കു ലഭിക്കുന്നത് ഇൻസെന്റീവ് ഉൾപ്പെടെ 32- 42 രൂപയാണ്.കർഷകരുടെ സാന്നിദ്ധ്യത്തിൽ ചില്ലറ വിൽപ്പന നടത്തുന്നത് 60രൂപക്കാണ്. റീഡിംഗിന്റെയും ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് മിൽമ ചാർട്ട് പ്രകാരം കർഷകർക്കു വില ലഭിക്കുന്നത്. മിൽമ കാലിത്തീറ്റയ്ക്ക് സബ്സിഡി നിറുത്തലാക്കിയതും കർഷകർക്ക് തിരിച്ചടിയാകുന്നുണ്ട്.

#കന്നുകാലിപാരിപാലനത്തിന് ചിലവേറി

കന്നുകാലിപരിപാലന മേഖലയിൽ ചിലവേറിയതോടെ ക്ഷീരകർഷകർ ദുരിതത്തിലായി. കാലിത്തീറ്റ, തീറ്റപ്പുല്ല്, മരുന്ന് തുടങ്ങിയവയ്ക്ക് അടിയ്ക്കടി ഉണ്ടാകുന്ന വില വർദ്ധനവ് ക്ഷീരോല്പാദന മേഖലയെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന ഇടത്തരം കർഷകരെ കൂടുതൽ ദുരിതത്തിലായിരിക്കുകയാണ്. ലോണെടുത്തും കടം വാങ്ങിയും, രാപ്പകലില്ലാതെ അദ്ധ്വാനിച്ചാണ് ക്ഷീര കർഷകർ നാടിനെ പാലു കുടിപ്പിച്ച് പോഷക സമ്പന്നമാക്കുന്നത്. പിടിച്ചു നിൽക്കാനാവാതെ പല കർഷകരും കിട്ടുന്ന വിലയ്ക്ക് പശുക്കളെ വിറ്റ് മറ്റ് മേഖല തേടി പോകുന്ന അവസ്ഥയിലാണ്.

........

# തീറ്റ നന്നാകണം

നന്നായി തീറ്റ കൊടുത്താൽ മാത്രമേ കൂടുതൽ കൊഴുപ്പുള്ള പാൽ ലഭിക്കൂ. ശരാശരി 10 ലിറ്റർ പാൽ കിട്ടുന്ന പശുവിന് 6 കിലോയോളം കാലിത്തീറ്റ നൽകണം. ഒരു കിലോ കാലിത്തീറ്റയ്ക്ക് 30 രൂപയാണ് വില. പച്ചപ്പുല്ലിന്റെ ലഭ്യത കുറഞ്ഞതാണ് മറ്റൊരു പ്രശ്നം. വേനൽക്കാലത്ത് പലരും കച്ചിയാണ് നൽകുന്നത്. ഒരു തിരി കച്ചി (ശരാശരി രണ്ടുകിലോയ്ക്ക്) 30 രൂപയാണ് വില. 20 രൂപയ്ക്ക് കിട്ടിയിരുന്ന നാടൻ കച്ചി ഇപ്പോൾ ലഭ്യമല്ല. തമിഴ്നാട്ടിൽ നിന്നുള്ള കച്ചിയാണ് പശുക്കൾക്ക് ഏറെ പ്രിയം. ഡീസൽവില കൂടിയതോടെ മൂന്ന് രൂപ വരെ കച്ചിക്കും വില കൂടി. 50 കിലോഗ്രാം തൂക്കമുള്ള ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് മിൽമയും കേരള ഫീഡ്സും 180 രൂപയാണ് വർദ്ധിപ്പിച്ചതും കർഷകർക്ക് തിരിച്ചടിയായി.

# കാലിത്തീറ്റ വില

മിൽമ (ബ്രായ്ക്കറ്റിൽ പഴയത്)

ഗോൾഡ്.......................1550 (1370)

റിച്ച്.................,..............1460 (1300)

സ്വകാര്യ കമ്പനി..........1340

#വർദ്ധിപ്പിച്ച പാൽവില ലിറ്ററിന് :6രൂപ

കർഷകർക്ക്: 5.25രൂപ (83.75%)

സംഘത്തിന്: 0.345രൂപ(5.75%)

ഡീലർമാർക്ക്: 0.345രൂപ(5.75%)

മിൽ: 0.210രൂപ(3.50%)

പ്ളാസ്റ്റിക്ക്: 0.030രൂപ(0.50%)

"പാൽവില കൂട്ടിയതിന്റെ ഗുണം കർഷകർക്കു ലഭിച്ചില്ല. മറ്റു സംസ്ഥാനങ്ങളിലെന്ന പോലെ കാലിത്തീറ്റയ്ക്ക് സബ്സിഡിയോ പാൽ വില ലിറ്ററിന് അഞ്ചു രൂപ നിരക്കിൽ അധിക ഇൻസെന്റീവോ നൽകണം.

ബിനു കുമാർ, ക്ഷീര കർഷകൻ, പുറക്കാട്