ആലപ്പുഴ: മുല്ലയ്ക്കൽ -കിടങ്ങാംപറമ്പ് ചിറപ്പാഘോഷത്തിന് നഗരം അണിഞ്ഞൊരുങ്ങുന്നു. അന്യ സംസ്ഥാന കച്ചവടക്കാർ വരവറിയിച്ച് നഗരത്തിൽ അങ്ങിങ്ങായി വഴിയോരകച്ചവടങ്ങൾ തുടങ്ങിക്കഴിഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ കച്ചവടക്കാർ എത്തിത്തുടങ്ങും. കാർട്ടൂൺ രൂപങ്ങളിലെ ബലൂണുകൾ, ഇലക്ട്രിക് ബലൂണുകൾ, പ്ലാസ്റ്റിക്ക് പൂച്ചെടികൾ, തുണിത്തരങ്ങൾ എന്നിവയുമായാണ് സീസൺ കച്ചവടക്കാർ ഡിസംബർ ആരംഭത്തിൽ തന്നെ വീഥികളിൽ ഇടം പിടിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷങ്ങളിലും കൊവിഡ് മൂലം ചിറപ്പ് മഹോത്സവം പേരിനൊതുങ്ങിയതിനാൽ ഇത്തവണ വൻ ജനത്തിരക്കാണ് പ്രതീക്ഷിക്കുന്നത്. ചിറപ്പിനോട് അനുബന്ധിച്ച് വർഷങ്ങളായി തകർന്നു കിടന്ന നടപ്പാത പൊതുമരാമത്ത് വിഭാഗം നന്നാക്കി. ജില്ലാ കോടതിപ്പാലം ജംഗ്ഷനിൽ മൃഗാശുപത്രിക്ക് മുന്നിലെ നടപ്പാത ഏറെ നാളായി തകർന്ന് അപകടഭീഷണി ഉയർത്തുകയായിരുന്നു. വരും ദിവസങ്ങളിലെ ജനത്തിരക്ക് കണക്കിലെടുത്താണ് ഇടിഞ്ഞുപൊളിഞ്ഞ പാതയിൽ പുത്തൻ കോൺക്രീറ്റ് സ്ലാബുകൾ സ്ഥാപിച്ചത്.
കാൽനാട്ടി
മുല്ലയ്ക്കൽ ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിലെ ചിറപ്പ് മഹോത്സവത്തിന് തുടക്കം കുറിച്ച് കൊണ്ട് ഭീമാ ഗോപുരത്തിന്റെ കാൽനാട്ടു കർമ്മം ജില്ലാ കളക്ടർ കൃഷ്ണതേജ നിർവഹിച്ചു. സബ് ഗ്രൂപ്പ് ഓഫീസർ വിക്രമൻ.കെ.വാര്യർ, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് എസ്.രാജൻ, സെക്രട്ടറി ആർ.വെങ്കിടേഷ് കുമാർ, വൈസ് പ്രസിഡന്റ് കെ.രാമചന്ദ്രൻ, എസ്.കൃഷ്ണമ്മ, വി.ഗോപൻ, മുരുകൻ, കെ.രാജു, ആർ പത്മകുമാർ, എൻ.ചന്ദ്രൻ എന്നിവർ പങ്കെടുത്തു.
ലേലം ആരംഭിച്ചു
ചിറപ്പ് മഹോത്സവത്തോടനുബന്ധിച്ച് റോഡ് പുറംപോക്കുകളിൽ താത്കാലിക ഷെഡ് നിർമ്മിച്ച് കച്ചവടം ചെയ്യുന്നതിന് ലേലം ആരംഭിച്ചു. നഗരസഭയും പൊതുമരാമത്ത് വിഭാഗവും സംയുക്തമായി അടയാളപ്പെടുത്തിയ 110 പ്ലോട്ടുകളിലാണ് ലേലം നടത്തിയത്. 47 പ്ലോട്ടുകൾ 39,03440 രൂപക്ക് ലേലം ചെയ്തു. തുടർ ലേലം തിങ്കളാഴ്ച നടക്കും. നിലവിൽ വ്യാപാര സ്ഥാപനമുള്ളവർക്ക് അവരുടെ കടയുടെ മുൻവശം ആവശ്യപ്പെടുന്നപക്ഷം, മതിയായ കരാർ ഹാജരാക്കിയതിനു ശേഷം അനുവദിക്കുന്നതിനും, കടയുടെ ലൈസൻസ് പ്രകാരമുള്ള സാധനങ്ങൾ മാത്രം പ്രദർശിപ്പിക്കുന്നതിനും, കച്ചവടം ചെയ്യുന്നതിനും അനുവാദം നൽകുന്നതാണ്. സ്ഥലം കൈമാറ്റം ചെയ്യപ്പെട്ടതായി ബോദ്ധ്യപ്പെട്ടാൽ സ്ഥലത്തിന്റെ അവകാശം റദ്ദ് ചെയ്യും.ഒരാൾക്ക് മൂന്ന് സ്ഥലങ്ങളിൽ കൂടുതൽ അനുവദിക്കില്ല. ലേലം കൊണ്ടവർ സ്ഥലങ്ങൾ കീഴ് വാടകക്ക് നൽകാൻ പാടില്ല. ലേലം കൈകൊണ്ടവർ നഗരസഭയിൽ നിന്നും കച്ചവടത്തിനു താത്കാലിക ലൈസൻസ് എടുക്കണം.