ആലപ്പുഴ :കേരള ടെക്റ്റൈയിൽ കോർപ്പറേഷൻ യൂണിറ്റായ കോമളപുരം സ്പിന്നിംഗ് ആൻഡ് വീവിംഗ് മില്ലിലെ അംഗീകൃത തൊഴിലാളി സംഘടനകളെ കണ്ടെത്തുന്നതിനായുള്ള ഹിതപരിശോധന(റഫറണ്ടം)യിൽ മത്സരിച്ച നാലു യൂണിയനുകൾക്കും വിജയം. ആകെ പോൾ ചെയ്ത 289 വോട്ടിൽ 114 വോട്ട് നേടിയ സി.ഐ.ടി.യാണ് ഒന്നാമത്. 39.44 ശതമാനം വോട്ടാണ് സി.ഐ.ടി.യു നേടിയത്. 81 വോട്ട് നേടിയ എ.ഐ.ടി.യു.സി രണ്ടാം സ്ഥാനത്തെത്തി. 28.02 ശതമാനം വോട്ട് എ.ഐ.ടി.യു.സി കരസ്ഥമാക്കി. സ്ഥാപനത്തിൽ പുതുതായി രൂപീകരിച്ച ടി.യു.സി.ഐ യൂണിയതാണ് മൂന്നാം സ്ഥാനം.16.95 ശതമാനം വോട്ട് നേടിയ സംഘടനയെ 49 തൊഴിലാളികൾ പിൻതുണച്ചു. 15.57 ശതമാനം വോട്ടും 45 തൊഴിലാളികളുടെ പിൻതുണയും ലഭിച്ച ബി.എം.എസ് യൂണിയനാണ് നാലാം സ്ഥാനത്തെത്തിയത്. സ്ഥാപനത്തിലെ 295 തൊഴിലാളികൾക്കാണ് വോട്ടവകാശം ഉണ്ടായിരുന്നത് ആറുപേർ ഹിത പരിശോധനയിൽ വോട്ട് രേഖപ്പെടുത്തിയില്ല. ആവശ്യമായ വോട്ട് ശതമാനം ലഭിക്കാതിരുന്നതിൽ സോൾ ബാർ ഗെയ്നിംഗ് ഏജന്റ്, പ്രിൻസിപ്പൽ ബാർ ഗെയിനിംഗ് ഏജന്റ് സ്ഥാനത്തെത്താൻ ഒരു യൂണിയനുമായില്ല. രേഖപ്പെടുത്തിയ വോട്ടിന്റെ 15 ശതമാനം ലഭിച്ച സംഘടനകളാണ് അംഗീകൃത യൂണിയനുകളായി തിരഞ്ഞെടുക്കപ്പെട്ടത്. ഹിതപരിശോധനയിൽ പങ്കെടുക്കുന്നതിനാവശ്യമായ രേഖകൾ സമർപ്പിക്കാൻ കഴിയാതിരുന്നതിനെ തുടർന്ന് സ്ഥാപനത്തിൽ പ്രവർത്തിച്ചിരുന്ന ഐ.എൻ.ടി.യു.സി യൂണിയനെ റീജനൽ ജോയിന്റ് ലേബർ കമ്മിഷണർ നേരത്തെ ഹിത പരിശോധനയിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഫല പ്രഖ്യാപനത്തിന് ശേഷം റഫറണ്ടത്തിലെ വിജയത്തിൽ ആഹ്ലാദം പ്രകടിച്ച് സി.ഐ.ടി.യു, എ.ഐ.ടി.യുസി യൂണിയനുകൾ പ്രകടനവും നടത്തി.