അമ്പലപ്പുഴ : അപകടങ്ങളെ തുടർന്ന ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തുന്ന രോഗികൾക്ക് സി .ടി സ്കാൻ റിപ്പോർട്ട്‌ ഒരു മണിക്കൂറിനുള്ളിൽ ലഭ്യമാക്കാൻ വികസന സൊസൈറ്റിയുടെ ജനറൽ ബോഡി യോഗം തീരുമാനിച്ചു. പണം ഇല്ല എന്ന കാരണത്താൽ റിപ്പോർട്ട് ലഭ്യമാക്കില്ല എന്ന നിലപാട് ബന്ധപ്പെട്ടവർ സ്വീകരിക്കരുതെന്നും യോഗം തീരുമാനിച്ചു. വികസന സമിതി ചെയർമാൻ കുടിയായ കളക്ടർ വി. ആർ. കൃഷ്ണ തേജയുടെ നേതൃത്വത്തിൽ ആശുപത്രിയിൽ ചേർന്ന യോഗത്തിന്റേതാണ് തീരുമാനം. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും ജനറൽ ആശുപത്രിയിലേക്കുമുള്ള സേവനത്തിന് ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ താത്കാലികമായി നിയമിക്കാനും പഠന വൈകല്യമുള്ള കുട്ടികൾക്ക് പ്രതേക ക്യാമ്പ് സംഘടിപ്പിക്കാനും തീരുമാനിച്ചു. ഗുരുതരാവസ്ഥയിൽ എത്തുന്ന രോഗികൾക്കായി ക്രിട്ടിക്കൽ കെയർ യൂണിറ്റ് രണ്ട് ആഴ്ചയ്ക്കുള്ളിൽ പ്രവർത്തനം ആരംഭിക്കും. സൂപ്പർ സ്പെഷ്യലിറ്റിയിലേക്ക്, വിഭാഗങ്ങൾ മാറ്റുന്നതിനനുസരിച്ച് ഒഴിവു വരുന്ന സ്ഥലത്ത് ഒക്കുപ്പേഷണൽ ഡിസീസ് ഒ. പി, പൾ മിനറി മെഡിസിൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ ആരംഭിക്കും. ജനറൽ ബോഡി അംഗങ്ങൾക്ക് തിരിച്ചറിയൽ കാർഡ് നൽകാനും യോഗം തീരുമാനിച്ചു. എ. എം. ആരിഫ് എം. പി, എച്ച്. സലാം എം .എൽ .എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ. ജി. രാജേശ്വരി, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ടി .കെ. സുമ, ആശുപത്രി സൂപ്രണ്ട് ഡോ.സജിവ് ജോർജ് പുളിക്കൽ, ആർ .എം. ഒ ഡോ. ഹരി വിവിധ വകുപ്പ് ഉദ്യോഗ്സ്ഥർ, ജനറൽ ബോഡി അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.