ചേർത്തല:കെ.കെ.മഹേശന്റെ മരണവുമായി ബന്ധപ്പെട്ട് കണിച്ചുകുളങ്ങര ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശനെതിരേയും വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിക്കെതിരേയും ചില തൽപ്പര കക്ഷികൾ ഗൂഢോദ്ദേശത്തോടെ കള്ളക്കേസെടുപ്പിച്ച നടപടിയിൽ കണിച്ചുകുളങ്ങര ദേവസ്വം കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. ഇരുവരേയും അപമാനിച്ച് പൊതുരംഗത്ത് നിന്നും മാറ്റി നിർത്തുകയെന്ന ഗൂഢലക്ഷ്യം നടക്കാൻ പോകുന്നില്ല. ഐ.ജി അർഷിത അട്ടലൂരിയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണം തൃപ്തികരമാണെന്ന് പറഞ്ഞവരാണ് വീണ്ടും പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.ഇതിൽ നിന്നും ഇവരുടെ ഇരട്ടത്താപ്പ് വ്യക്തമാണ്.യോഗത്തിൽ വെള്ളാപ്പള്ളിക്കും തുഷാർ വെള്ളാപ്പള്ളിക്കും ദേവസ്വം പൂർണ പിന്തുണ പ്രഖ്യാപിച്ചു. ദേവസ്വം സെക്രട്ടറി പി.കെ.ധനേശൻ അദ്ധ്യക്ഷത വഹിച്ചു. കമ്മിറ്റി അംഗങ്ങളായ ജയപ്രകാശപണിക്കർ,പി.സി.വാവക്കുഞ്ഞ്,അനിൽബാബു,പീതാംബരൻ,പവിത്രൻ,സ്വാമിനാഥൻ ചള്ളിയിൽ,ദേവസ്വം സ്കൂൾ മാനേജർ ഡി.രാധാകൃഷ്ണൻ,സ്കൂൾ കമ്മിറ്റി അംഗങ്ങളായ വിജയൻ,പി.പ്രകാശൻ,ശിവാനന്ദൻ എന്നിവർ സംസാരിച്ചു.ഖജാൻജി കെ.വി.കമലാസനൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി വി.കെ.മോഹനദാസ് നന്ദിയും പറഞ്ഞു.