gh

ആലപ്പുഴ: എസ്.ഡി കോളേജിൽ വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം എസ്.എഫ്.ഐ - എ.ഐ.എസ്.എഫ് സംഘർഷത്തിൽ കലാശിച്ചു. പെൺകുട്ടികളടക്കം പരിക്കേറ്റവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എ.ഐ.എസ്.എഫ് ചെയർപേഴ്സൺ സ്ഥാനാർത്ഥിയായ ബി.കോം വിദ്യാർത്ഥിനി ആർഷ, എ.ഐ.എസ്.എഫ് മണ്ഡലം സെക്രട്ടറി അരവിന്ദ്, ബി.കോം വിദ്യാർത്ഥി അർജുൻ, വിദ്യാർഥിനി ഗ്രീഷ്മ, എസ്.എഫ്.ഐ മുൻ ചെയർപേഴ്സൺ സാന്ദ്ര, യൂണിറ്റ് കമ്മിറ്റിയംഗം മഴ, ലേഡി റെപ്പായി മത്സരിക്കുന്ന പൂജ എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകിട്ട് 5.15നാണ് സംഭവങ്ങൾക്ക് തുടക്കം.

എസ്.എഫ്.ഐയും എ.ഐ.എസ്.എഫും രണ്ടു പാനലായാണ് മത്സരിക്കുന്നത്.

കൊട്ടിക്കലാശത്തിനിടെ കാമ്പസിലേക്ക് ഇരച്ചുകയറിയ എസ്.എഫ്.ഐ പ്രവർത്തകർ അക്രമം അഴിച്ചുവിടുകയായിരുന്നെന്ന് എ.ഐ.എസ്.എഫ് ആരോപിച്ചു. ചെയർമാൻ സീറ്റടക്കം അഞ്ച് ജനറൽ സീറ്റുകളിൽ എ.ഐ.എസ്.എഫ് മത്സരിക്കുന്നുണ്ട്. കലാശക്കൊട്ടിൽ പങ്കെടുത്ത എസ്.എഫ്.ഐ പ്രവർത്തക പൂജയെ എ.ഐ.എസ്.എഫ് പ്രവർത്തകർ കൈകൊണ്ട് അടിക്കുകയും ഇത് ചോദ്യം ചെയ്ത സാന്ദ്രയെയും മഴയെയും വടികൊണ്ട് അടിക്കുകയും ചെയ്തതാണ് സംഘർഷത്തിന് കാരണമെന്ന് എസ്.എഫ്.ഐ ആരോപിച്ചു. സൗത്ത് പൊലീസ് കേസെടുത്തു. നാളെയാണ് തിരഞ്ഞെടുപ്പ്.