
അമ്പലപ്പുഴ: പത്മരാജൻ സിനിമകളുടെ എഡിറ്റിംഗിലൂടെ പ്രശസ്‌തനായ ഫിലിം എഡിറ്റർ മധു കൈനകരി (71) നിര്യാതനായി. അമ്പലപ്പുഴയിലെ വസതിയിൽ ഇന്നലെ രാവിലെയായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് അമ്പലപ്പുഴ ആമയിട കന്നിയേൽ വീട്ടിൽ. പരേതരായ കൈനകരി എം.പി.പിള്ള - ചെല്ലമ്മ ദമ്പതികളാണ് മാതാപിതാക്കൾ. ഭാര്യ: ഓമനക്കുട്ടി. മക്കൾ: സിദ്ധി ദേവി, റിദ്ധി ദേവി. മരുമക്കൾ: ശ്രീഹരി, അരുൺ മോഹൻദാസ്.
കൂടെവിടെ, ഒരിടത്ത് ഒരു ഫയൽവാൻ, കള്ളൻ പവിത്രൻ, നവംബറിന്റെ നഷ്ടം എന്നീ സിനിമകളുടെ എഡിറ്ററായിരുന്നു. കൂടെവിടെ എന്ന സിനിമയ്‌ക്ക് 1983ൽ സംസ്ഥാന ഫിലിം ഫെസ്റ്റിവലിൽ പ്രത്യേക ജൂറി പരാമർശം ലഭിച്ചിരുന്നു. പിശുക്കൻ പത്രോസ്, പാവം ഗോവിന്ദൻ കുട്ടി എന്നീ ടെലിഫിലിമുകളുടെ സംവിധായകനായിരുന്നു. മറാത്തി ഡോക്യുമെന്ററിയായ മഞ്ജുളക്ക് ദേശീയ പുരസ്‌ക്കാരം ലഭിച്ചു.സ്‌കൂൾ ഡയറി എന്ന സീരിയലിന്റെ എഡിറ്ററായിരുന്നു. ഏഴ് എഴുപത് വട്ടം ഡോക്യുമെന്ററിയുടെ തിരക്കഥയും സംവിധാനവും എഡിറ്റിംഗും നിർവഹിച്ചു.1972 മുതൽ ദൂരദർശനിൽ എഡിറ്ററായിരുന്നു. പിന്നീട് അവധിയെടുത്താണ് സിനിമയിൽ പ്രവർത്തിച്ചത്. സംവിധായകൻ പത്മരാജനുമായുള്ള സൗഹൃദമാണ് സിനിമ മേഖലയിൽ എത്തിച്ചത്.
.