photo

ആലപ്പുഴ: നഗരത്തിൽ പുനരുദ്ധാരണം നടക്കുന്ന റോഡുകളിലെ അനധികൃത പാർക്കിംഗ് ഗതാഗത കുരുക്കുണ്ടാക്കുന്നു. വൈ.എം.സി.എ ജംഗ്ഷന് കിഴക്ക് ഭാഗത്തു നിന്ന് വടക്കോട്ട് കയർ യന്ത്ര നിർമ്മാണ ഫാക്ടറി വഴി പ്രസ്‌ക്ലബ്ബിന് സമീപം വരെയുള്ള റോഡിലാണ് കുരുക്ക് അതിരൂക്ഷം.

ആംബുലൻസുകൾക്കു പോലും പോകാനാകാത്ത വിധമാണ് പാർക്കിംഗ്. വൈ.എം.സി.എ ജംഗ്ഷന് കിഴക്കുഭാഗത്തെ അനധികൃത പാർക്കിംഗ് തടയാനായി നോ പാർക്കിംഗ് ബോർഡ് സ്ഥാപിക്കാൻ മോട്ടോർവാഹന വകുപ്പ് നൽകിയ കത്തിന് മറുപടി നൽകാനോ നടപടിയെടുക്കാനോ പൊതുമരാമത്ത് വകുപ്പ് തയ്യാറായില്ല. കയർ യന്ത്രനിർമ്മാണ ഫാക്ടറിയുടെ മുന്നിലുള്ള ഇടറോഡിലൂടെ വരുന്ന വാഹനങ്ങൾ വൈ.എം.സി.എ ജംഗ്ഷന് സമീപം ചേരുന്നിടത്താണ് അപകടം നിത്യസംഭവമാകുന്നത്. നിരവധി സർക്കാർ സ്ഥാപനങ്ങളിലും സ്‌കൂളുകളിലും എത്തുന്ന പാത പുനർ നിർമ്മാണത്തിനായി പൊളിച്ചിട്ടിരിക്കുകയാണ്. ഈ റോഡരികിൽ സ്വകാര്യ വാഹനങ്ങളുടെ തലങ്ങും വിലങ്ങുമുള്ള പാർക്കിംഗാണ് കുരുക്കുണ്ടാക്കുന്നത്.

വൈ.എം.സി.എ ജംഗ്ഷന് കിഴക്കുഭാഗത്തു സൈൻ ബോർഡ് അല്ലെങ്കിൽ നോ പാർക്കിംഗ് ബോർഡ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് ഡിവിഷണൽ ഓഫീസർക്ക് ആഗസ്റ്റ് 16ന് മോട്ടോർ വാഹന വകുപ്പ് കത്തു നൽകിയെങ്കിലും ഒന്നുമുണ്ടായില്ല. ജൂലായ് ആദ്യവാരം ഇവിടെയുണ്ടായ അപകടത്തിൽ കാഞ്ഞിരംചിറ സ്വദേശിയായ ഗോപീകൃഷ്ണൻ (23) മരിച്ച വിവരവും കത്തിൽ വ്യക്തമാക്കിയിരുന്നു. എന്നിട്ടും പൊതുമരാമത്ത് വകുപ്പ് തുടർ നടപടി സ്വീകരിച്ചിട്ടില്ല. ഇടറോഡിലൂടെ പ്രധാന റോഡിലേക്ക് വരുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടാനുള്ള കാരണങ്ങളിലൊന്ന് ഈ ഭാഗത്തെ അനധികൃത പാർക്കിംഗാണ്. വൈ.എം.സി.എ പാലത്തിന് സമീപത്തെ സിഗ്നൽ ലൈറ്റ് വീഴുന്നതോടെ വാഹനങ്ങൾ അമിത വേഗത്തിൽ മുന്നോട്ടെടുക്കുന്നതും അപകടത്തിന് വഴിയൊരുക്കുന്നു.

കുട്ടികളുമായി വന്നു പോകുന്ന വാഹനങ്ങൾ വലിയ ബ്ലോക്ക്‌ ആണ് ഉണ്ടാക്കുന്നത്. റോഡ് പണി സമയത്ത് സ്കൂൾ ഗ്രൗണ്ടിൽ വണ്ടികൾ പാർക്ക്‌ ചെയ്യണം. വാഹനങ്ങൾ കടന്നുപോകാൻ തടസമായി റോഡിന്റെ വശങ്ങളിൽ നിൽക്കുന്ന വൈദ്യുതി പോസ്റ്റുകളും ഉടൻ നീക്കണം

ശശിധരൻ, പൊതുപ്രവർത്തകൻ