മാവേലിക്കര: ഓണാട്ടുകരയിലെ ഉത്സവങ്ങൾക്ക് തുടക്കംകുറിച്ച് നാളെ ചെട്ടികുളങ്ങര ഭഗവതി കൈവട്ടകയിൽ പുറത്ത് എഴുന്നള്ളും. രാത്രി 9.10നും 9.20നും ഉള്ളിൽ മേൽശാന്തി ശംഭു നമ്പൂതിരി എഴുന്നള്ളത്തിന് നേതൃത്വം നൽകും. 10.40നും 11നും മദ്ധ്യേ അകത്തേക്ക് എഴുന്നള്ളിക്കും.
പുറത്തെഴുന്നള്ളിക്കുമ്പോൾ ദേവി ക്ഷേത്രത്തിന് മൂന്ന് പ്രദക്ഷിണം നടത്തും. ആദ്യം ചെണ്ട, നാദസ്വരം, തിമില എന്നിവയുടെ അകമ്പടിയോടെയും രണ്ടാമത് ക്ഷേത്ര വാദ്യങ്ങൾ അടങ്ങിയ പഞ്ചാരി മേളത്തോടെയും മൂന്നാമത് നാദസ്വരവും തകിലും ചേർന്നുള്ള വാദ്യമേളങ്ങളോടെയുമാവും പഴുന്നള്ളത്ത്.
രാവിലെ കൈതവടക്ക് അരീക്കര കുടുംബാംഗങ്ങളുടെ വകയായി ഭഗവതിക്ക് പന്തീരുനാഴി വഴിപാട് സമർപ്പിക്കും. നൂറ് വർഷത്തിലധികമായി തുടരുന്ന ഈ വഴിപാടിന് ആദ്യ കാലഘട്ടങ്ങളിൽ അരീക്കര കുടുംബം വക നിലത്തിൽ കൃഷി ചെയ്യുന്ന അരി തന്നെയാണ് ഉപയോഗിച്ചിരുന്നത്. അശ്വതി നാളിൽ ക്ഷേത്രത്തിൽ എത്തിക്കുന്ന അരി ക്ഷേത്രത്തിലെ ബ്രാഹ്മണർ തന്നെയാണ് തയ്യാറാക്കുന്നത്. ഏഴര പറയുടെ ഉണക്കലരി ചോറിനൊപ്പം കുടുംബാംഗങ്ങൾ തയ്യാറാക്കുന്ന മറ്റ് വിഭവങ്ങളും ചേർത്ത് വൃശ്ചിക ഭരണി നാളിൽ ഭക്തജനങ്ങൾക്ക് നൽകും. ദേവസ്വം ബോർഡിന്റെയും ക്ഷേത്ര ഭരണ സമിതിയായ ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷന്റെയും സഹകരണത്തോടെയാണ് ചടങ്ങുകൾ നടത്തുന്നത്.