v

വള്ളികുന്നം: കായംകുളത്തിന്റെ കഥ പുസ്തക രൂപത്തിൽ രചിച്ചു പ്രസിദ്ധീകരിച്ച കാഥികൻ ഇലിപ്പക്കുളം വിശ്വൻ (84) വിട പറഞ്ഞു.

ആറായിരത്തോളം വേദികളിൽ കഥ അവതരിപ്പിച്ച വിശ്വൻ നാടക രചയിതാവ്, സംവിധായകൻ എന്നീ നിലകളിലും ശ്രദ്ധ നേടി. ഒട്ടേറെ കഥാപ്രസംഗങ്ങൾക്കും കഥയെഴുതി. കഥക്കൂട്ടുകളുടെ കഥാപ്രസംഗരൂപം വിനോദത്തിനും വിജ്ഞാനത്തിനും വഴിയൊരുക്കുന്ന വിധമായിരുന്നു അവതരിപ്പിച്ചിരുന്നത്. സിവിൽ എൻജിനീയറായി മുംബയിലെയും പൂനയിലെയും സേവനത്തിനു ശേഷം ശാരീരികാസ്വാസ്ഥ്യം കാരണം നാട്ടിൽ തിരിച്ചെത്തുകയായിരുന്നു. പിന്നീട് കായംകുളത്ത് ബ്രൈറ്റ് എന്ന വിദ്യാഭ്യാസ സ്ഥാപനം ആരംഭിച്ചു. തുടർന്ന് കാക്കനാട്ടും ചെട്ടികുളങ്ങരയിലും പുള്ളിക്കണക്കിലും ശാഖകൾ തുറന്നതോടെ പതിനായിരത്തിലേറെ വിദ്യാർഥികളുടെ 'കണക്ക് വിശ്വ'നായി മാറുകയും ചെയ്തു.

മാതാവിന്റെ കുടുംബവീടിനടുത്തുള്ള പുള്ളിക്കണക്ക് എൽ.പി.എസിലെയും കറ്റാനം സി.എം.എസിലെയും സ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം പത്തനംതിട്ട കാത്തലിക് കോളജിലായിരുന്നു തുടർന്നുള്ള പഠനം. ഇതേ സമയം മലയാളം വിദ്വാൻകോഴ്സും പഠിച്ചു. തൊടിയൂർ വസന്തകുമാരി, ഹരിപ്പാട് സുദർശനൻ, വള്ളികുന്നം പുഷ്പവല്ലി തുടങ്ങിയവർ കലാരംഗത്തെ ശിഷ്യഗണങ്ങളിൽ പ്രധാനികളാണ്. ഹരിശ്ചന്ദ്രൻ, പാവങ്ങൾ, മോണ്ടിക്രിസ്റ്റോ, നേതാജി സുഭാഷ് ചന്ദ്രബോസ്, ഭദ്ര, മണ്ണും മനുഷ്യനും, ഡ്രാക്കുള തുടങ്ങി മുപ്പതോളം കഥകൾ രചിച്ചു. പ്രസിദ്ധീകരിക്കാത്ത അമച്വർ പ്രാെഫഷണൽ നാടകങ്ങളും ധാരാളമുണ്ട്. പുസ്തക രൂപത്തിൽ രചിച്ച് ആദ്യം പ്രസിദ്ധീകരിച്ചതാണ് 'കായംകുളത്തിന്റെ കഥ'. കറ്റാനം ഇലിപ്പക്കുളം മണിമന്ദിരത്തിൽ വില്ലേജ് ഓഫീസർ ആയിരുന്ന മാധവൻനായർ-ചിന്നമ്മ ദമ്പതികളുടെ അഞ്ച് മക്കളിൽ മൂത്തയാണ്. ഭാര്യ: രമണി. മക്കൾ:വി.അയ്യപ്പൻ (കെ.എസ്.ആർ.ടി.സി), ജയലക്ഷ്മി (അദ്ധ്യാപിക). മരുമക്കൾ: സിന്ധു (കൃഷി വകുപ്പ്), പരേതനായ കെ.എസ്.ജ്യോതി.സഞ്ചയനം 8ന് രാവിലെ 8 ന്.