അമ്പലപ്പുഴ:ആലപ്പുഴ മെഡി​. ആശുപത്രി​യി​ലെ രണ്ടാം വാർഡി​ൽ 4 ദിവസം പ്രായമായ നവജാത ശിശുവിനെ ഉപേക്ഷിച്ച്‌ കടന്ന അമ്മയെ മണി​ക്കൂറുകൾക്കൊടുവി​ൽ ആശുപത്രി​യി​ൽ നി​ന്നുതന്നെ പൊലീസ് കണ്ടെത്തി​.

ഇന്നലെ രാത്രി 8 ഓടെ ആയിരുന്നു സംഭവം. പുന്നപ്ര തെക്ക് പഞ്ചായത്ത് 14-ാം വാർഡ് സ്വദേശിയായ 22 കാരിയാണ് കുഞ്ഞി​നെ ഉപേക്ഷിച്ച് പോയതായി ബന്ധുക്കൾ ആശുപത്രി എയ്ഡ് പോസ്റ്റ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പൊലീസ് നടത്തിയ തെരച്ചിലിൽ രാത്രി 10 ഓടെ ആശുപത്രിയിലെ മറ്റൊരു സ്ഥലത്തു നിന്നു ഇവരെ കണ്ടെത്തി. ആശുപത്രി എയ്ഡ് പോസ്റ്റ് എസ്.ഐ മധുസൂദന കുറുപ്പ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ രതീഷ് ബാബു എന്നിവർ ചേർന്ന് സി.സി ടി.വി ദൃശ്യങ്ങൾ പരിശോധി​ച്ചപ്പോൾ ഇവർ 2-ാം നിലയിലെ പി.ജി ഡോക്ടേഴ്സ് മെസി​ന് സമീപത്ത് കൂടി നടന്നു പോകുന്നതായി കണ്ടെത്തി. പൊലീസും ബന്ധുക്കളും സുരക്ഷാ ജീവനക്കാരും ചേർന്ന് യുവതിയെ കണ്ടെത്തി തിരികെ വാർഡിൽ എത്തിച്ചു. മാനസിക വിഭ്രാന്തിയാണ് ഇറങ്ങിപ്പോകാൻ കാരണമെന്നാണ് പൊലീസിന്റെ നിഗമനം.