മുഹമ്മ : മുഹമ്മ കാവുങ്കൽ എൽ.പി.എസിലെ വിദ്യാർത്ഥികൾ പഠനത്തോടൊപ്പം കൃഷി വിജ്ഞാനവും ആർജിക്കുകയാണ്. നേടിയ അറിവുകൾ വീട്ടുമുറ്റത്തും ഫലപ്രാപ്തിയിൽ എത്തിച്ചിരിക്കുകയാന്ന്.സ്‌ക്കൂളിലെ കൃഷിത്തോട്ടത്തിലാണ് കുട്ടികൾ നേരത്തെ എത്തി വിവിധ തരം കൃഷികൾ ചെയ്ത് കൃഷിയുടെ പ്രായോഗിക അറിവുകൾ നേടുന്നത്. കാബേജ്, വഴുതന, തക്കാളി, പടവലം , ചീര, തുടങ്ങിയ പച്ചക്കറികളും ബന്തി,ജമന്തി, സൂര്യകാന്തി തുടങ്ങിയ പൂച്ചെടികളും കുട്ടികൾ കൃഷി ചെയ്ത് വിളവെടുത്തു കൊണ്ടിരിക്കുന്നു. കൂടാതെ രക്ത ശാലി നെൽകൃഷിയും ഉണ്ട് . പടുത ഉപയോഗിച്ച് പച്ചക്കറി തോട്ടത്തിൽ ഒരുക്കിയ നെൽ പാടത്ത് ഹൈബ്രീഡ് ഇനത്തിൽപ്പെട്ട ചെമ്പല്ലിയും കൃഷി ചെയ്യുന്നുണ്ട്. നെ സപ്പോർട്ട,പേര, ജാതി വിവിധയിനം മാവ് തെങ്ങ് ഇങ്ങനെയുള്ള ദീർഘകാല വിളകളും സ്‌കൂൾ വളപ്പിൽ നട്ട് പിടിപ്പിച്ചിട്ടുണ്ട്. ഹെഡ്മിസ്ട്രസായി മിനി കുമാരി ചുമതലയേറ്റതിനു ശേഷമാണ് വിദ്യാർത്ഥികളെ കൃഷിപാഠത്തിലേക്ക് കൊണ്ടുവന്നത്. പ്രഥമാദ്ധ്യാപിക മിനി ഔദ്ദോഗിക ജോലികൾക്കൊപ്പം തന്നെ നല്ലൊരു കർഷക കൂടിയാണ്. ഈ സ്‌കൂളിലെ കൃഷിത്തോട്ടം മറ്റെല്ലാവർക്കും മാതൃകയാണെന്ന് മുഹമ്മ കൃഷി ഓഫീസർ പറഞ്ഞു. സർക്കാരിന്റെ സാമ്പത്തിക സഹായം ഉടൻ ലഭ്യമാക്കുമെന്നും കൃഷി ഓഫീസർ അറിയിച്ചു.മുഹമ്മ നേച്ചർ ക്ലബ്, ലയൺസ് ക്ലബ് ഒഫ് മുഹമ്മ എന്നിവരുടെ സഹായവും കുട്ടികൾക്ക് ലഭിക്കുന്നുണ്ട്. ആധുനികമായ രീതിയിലാന്ന് കൃഷി ചെയ്യുന്നത്. കുട്ടികൾക്ക് ഇവർ നൽകിയ പച്ചക്കറി തൈ അവരുടെ വീട്ടിലും പച്ചക്കറി തോട്ടം ഒരുക്കാൻ സഹായമായിട്ടുണ്ട്.