ആലപ്പുഴ: ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായ ബീച്ച് ഫെസ്റ്റിന് ഒരുങ്ങി അർത്തുങ്കൽ.
ബീച്ച് ഫെസ്റ്റ് വിളംബരം ചെയ്തുകൊണ്ട് അർത്തുങ്കൽ ജംഗ്‌ഷനിൽ കളിവഞ്ചി മാതൃക സ്ഥാപിച്ചു. അർത്തുങ്കലിന്റെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ 2015 മുതൽ സന്നദ്ധ സേവന പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനയാണ് 'നമ്മുടെ അർത്തുങ്കൽ' നവമാദ്ധ്യമ കൂട്ടായ്മ. ജീവകാരുണ്യ പ്രവർത്തനങ്ങൾ, ചികിത്സാ സഹായങ്ങൾ, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, ശുചിത്വ, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ എന്നിവ നടത്തുന്ന ഈ കൂട്ടായ്മ ചാരിറ്റബിൾ സൊസൈറ്റിയായി രജിസ്റ്റർ ചെയ്ത് പ്രവർത്തനങ്ങൾ വിപുലമാക്കിയിരിക്കുകയാണ്.
അർത്തുങ്കലിന്റെ ടൂറിസം സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി 2020ലെ പുതുവത്സര ദിനത്തിൽ അർത്തുങ്കൽ ബീച്ച് ഫെസ്റ്റ് വിജയകരമായി സംഘടിപ്പിച്ചിരുന്നു. ഇത്തവണ ഡിസംബർ 30, 31 തീയതികളിലായി നടക്കുന്ന ബീച്ച് ഫെസ്റ്റിൽ എ.എം ആരിഫ് എം.പി, മന്ത്രി പി. പ്രസാദ്, കളക്ടർ വി.ആർ. കൃഷ്ണ തേജ, ജില്ല ടൂറിസം പ്രൊമോഷൻ കൗൺസിൽ സെക്രട്ടറി ലിജോ എബ്രഹാം എന്നിവർ പങ്കെടുക്കുമെന്ന് രക്ഷാധികാരി കൂടിയായ ചേർത്തല തെക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനിമോൾ സാംസൺ പറഞ്ഞു. അർത്തുങ്കൽ പൊഴിയിൽ പൊന്ത് തുഴച്ചിൽ മത്സരം, ഡി.ജെ സംഗീത പരിപാടികൾ എന്നിവയാണ് പുതുവത്സര ആഘോഷത്തിന്റെ പ്രധാന ആകർഷണങ്ങൾ.