ആലപ്പുഴ: നഗരത്തിലെ വ്യാപാരികളേയും വ്യാപാരസ്ഥാപനങ്ങളിൽ നിന്നും ചരക്ക് കയറ്റിക്കൊണ്ട് പോകുന്ന വാഹനങ്ങളിലെ ഡ്രൈവർമാരെയും കബളിപ്പിച്ച് പണം തട്ടിയെടുത്ത് ഒളിവിൽ പോയ ഹരിപ്പാട് പള്ളിപ്പാട് നടുവട്ടം ചക്കാല കിഴക്കതിൽ വീട്ടിൽ സന്ദീപിനെ (44) സൗത്ത് എസ്.ഐ വി.ഡി.റജിരാജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കടകളിൽ നിന്നും സാധനങ്ങൾ വാഹനത്തിൽ ലോഡ് ചെയ്ത ശേഷം, പണം യാത്രയ്ക്കിടെ എ.ടി.എമ്മിൽ നിന്നും എടുത്ത് തരാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഡ്രൈവർമാരിൽ നിന്നും പണം വാങ്ങിക്കുകയും പിന്നീട് എ.ടി.എമ്മിൽ പോകുവാനായി വഴിയിൽ ഇറങ്ങിയിട്ട് തിരികെ വരാതെ മുങ്ങുകയുമായിരുന്നു ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. എസ്.ഐ അനിൽകുമാർ, എ.എസ്.ഐ നൗഷാദ്, സി.പി.ഒ നിപിൻദാസ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.