ആലപ്പുഴ: എസ്.എൻ.ഡി.പി യോഗ നേതൃത്വത്തിൽ കാൽ നൂറ്റാണ്ടായി ഈഴവ സമുദായത്തിന്റെ അവകാശ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുന്ന യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ഹീനവും അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നവരെ സമൂഹം ഒറ്റപ്പെടുത്തണമെന്ന് എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ കൗൺസിൽ ആഹ്വാനം ചെയ്തു. ഏത് വെല്ലുവിളികളിലും പ്രതിസന്ധികളിലും യോഗം ജനറൽ സെക്രട്ടറിക്ക് ഉറച്ച പിന്തുണ കൗൺസിൽ പ്രഖ്യാപിച്ചു. വെള്ളാപ്പള്ളിയുടെ നേതൃത്വത്തിൽ സംഘടന വളരുന്നതിലും സമുദായ അംഗങ്ങളുടെ കൂട്ടായ്മയും കണ്ട് വിറളിപൂണ്ട ചിലരാണ് ആരോപണങ്ങൾക്ക് പിന്നിലുള്ളത്. സമുദായ അംഗങ്ങളുടെ ഇടയിൽ നേരിയ സ്വാധീനം പോലും ഇല്ലാത്തവർ ഉന്നയിക്കുന്ന ആരോപണങ്ങളെ കാലം ചവിട്ടുകൊട്ടയിൽ തള്ളുമെന്നും കൗൺസിൽ അഭിപ്രായപ്പെട്ടു.