
മാവേലിക്കര: മാവേലിക്കര വെട്ടിയാറിൽ ഗർഭിണിയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. ഒൻപതു മാസം ഗർഭിണിയായിരുന്ന, വെട്ടിയാർ ക്ഷേത്രത്തിന് സമീപം ചെറുവിലേത്ത് വീട്ടിൽ സ്വപ്നയാണ് (40) മരിച്ചത്. സ്വപ്നയും മകൾ ആര്യയും മാതൃസഹോദരിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാവിലെ അമ്മയെ കാണാതിരുന്നതിനെ തുടർന്ന് ആര്യ വീട്ടിൽ തിരച്ചിൽ നടത്തിയ ശേഷം അയൽവാസികളോട് വിവരം പറയുകയായിരുന്നു. നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് സ്വപ്നയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്. കുറത്തികാട് പൊലീസെത്തി മേൽനടപടികൾ സ്വീകരിച്ചു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. പോസ്റ്റുമോർട്ടത്തിനായി മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഭർത്താവ് സുമേഷ് രാജസ്ഥാനിൽ സൈനിക ഉദ്യോഗസ്ഥനാണ്. സ്വപ്ന മാനസിക രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.