മാവേലിക്കര: സഹകരണ ബാങ്ക് ജീവനക്കാരന് നേരേ സാമൂഹ്യ വിരുദ്ധ ആക്രമണം. പൊന്നേഴ സർവീസ് സഹകരണ ബാങ്ക് കളക്ഷൻ ഏജന്റ് തെക്കേക്കര പള്ളിയാവട്ടം ശാന്താ ഭവനത്തിൽ കെ.ശശികുമാറിനെയാണ് മൂന്നംഗ സംഘം ആക്രമിച്ചത്. ശനിയാഴ്ച ഉച്ചക്ക് 12.40ന് കുറത്തികാട് ജംഗ്ഷന് കിഴക്ക് സെന്റ് തോമസ് മാർത്തോമ പള്ളിക്ക് സമീപത്തായിരുന്നു ആക്രമണം. ബാങ്കിൽ നിന്നും പണശേഖരണത്തിനായി ബൈക്കിൽ വരികയായിരുന്നു ശശികുമാർ. കുറത്തികാടിന് കിഴക്ക് കുണ്ടോലിൽ കോളനിക്ക് മുന്നിൽ ആൾക്കൂട്ടം കണ്ട് കാര്യം തിരക്കാനായി ബൈക്ക് നിറുത്തിയപ്പോൾ ഒരാൾ വന്ന് പൊലീസ് സ്റ്റേഷനിലെ നമ്പർ ചോദിച്ചു. തനിക്കറിയില്ലെന്ന് പറഞ്ഞപ്പോൾ ബൈക്ക് സ്റ്റാർട്ടാക്കി മുന്നോട്ടു പോയ ശശികുമാറിന്റെ പിന്നാലെ അക്രമി സംഘം ബൈക്കിൽ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. കുറത്തികാട് പൊലീസിൽ പരാതി നൽകി.