s
കേരളോത്സവം

ആലപ്പുഴ : യുവജനക്ഷേമ ബോർഡും ജില്ലാ പഞ്ചായത്തും ചേർന്ന് സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവം എട്ടു മുതൽ 11 വരെ ആര്യാട് ബ്ലോക്ക് പഞ്ചായത്തിൽ നടക്കും. കലവൂർ എൽ.എസ്.എച്ച് ഗ്രൗണ്ട്, ആര്യക്കര എ.ബി വിലാസം സ്‌കൂൾ, മണ്ണഞ്ചേരി സ്‌കൂൾ ഗ്രൗണ്ട്, ആര്യാട് പഞ്ചായത്ത് ഗ്രൗണ്ട്, പ്രീതികുളങ്ങര സ്‌കൂൾ ഗ്രൗണ്ട്, കണിച്ചുകുളങ്ങര ശ്രീസായി നീന്തൽക്കുളം എന്നിവിടങ്ങളിലാണ് കായിക മത്സരങ്ങൾ. കലാമത്സരങ്ങൾ 10,11 തീയതികളിൽ കലവൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലും നടക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി വാർത്താസമ്മേളനത്തിൽ അറിയിച്ചു. കായികമത്സരങ്ങളുടെ ഉദ്ഘാടനം എട്ടിന് കളക്ടർ വി.ആർ.കൃഷ്ണതേജ കലവൂർ എൽ.എസ്.എച്ച് ഗ്രൗണ്ടിൽ നിർവഹിക്കും. കലാമത്സരങ്ങളുടെ ഉദ്ഘാടനം 10 ന് വൈകിട്ട് മൂന്നിന് മന്ത്രി പി.പ്രസാദ് നിർവഹിക്കും. 11ന് വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും. പി.പി.ചിത്തരഞ്ജൻ എം.എൽ.എ സമ്മാനദാനം നടത്തും. കലാ-കായിക മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ക്ലബുകൾക്ക് ഒന്നാം സമ്മാനമായി 25,000 രൂപ ലഭിക്കും. രണ്ടാമതെത്തുന്ന ക്ലബിന് 15,000 രൂപയും, മൂന്നാമതെത്തുന്ന ക്ലബിന് 10,000 രൂപയും നൽകും.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിൻ സി.ബാബു, ആർ.റിയാസ്, കെ.ആർ. ദേവദാസ്, ജയിംസ് സാമുവൽ, ബി.ഷീബ തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.