ഹരിപ്പാട് : പണി ആരംഭിച്ചിട്ടും എങ്ങും എത്താതെ പേരാത്ത് ജംഗ്ഷൻ മുതൽ കുരീത്തറ വഴി ചൂരല്ലാക്കൽ വരെയുള്ള റോഡ്. മഴ പെയ്താൽ കാൽനട പോലും ദുസ്സഹമായ റോഡിന്റെ പുനരുദ്ധാരണപ്രവർത്തനങ്ങൾ മുടങ്ങിയിട്ട് നാല് മാസമായി.
മഴയ്ക്ക് മുമ്പേ പണി തീർക്കുമെന്നായിരുന്നു വർക്ക് ടെണ്ടർ ചെയ്തപ്പോൾ പറഞ്ഞിരുന്നത്. എന്നാൽ, കരാറുകാർ മാറി മാറി വന്നിട്ടും ജോലികൾ പുരോഗമിക്കുന്നില്ല. ഇരുചക്ര വാഹനയാത്രക്കാർ ചളിനിറഞ്ഞ റോഡിൽ വീണ് പരിക്കേൽക്കുന്നത് നിത്യസംഭവമായി മാറി. ഹരിപ്പാട് നിന്ന് വഴുതാനം ഭാഗത്ത് എത്താനുള്ള എളുപ്പ വഴി കൂടിയാണിത്. പരിസരവാസികൾക്ക് പുറംലോകവുമായി ബന്ധപ്പടാനുള്ള ഏക മാർഗവുമാണ്. റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ പല തവണ നഗരസഭ കവടത്തിൽ സമരം ചെയ്തിട്ടും റോഡ് നിർമ്മാണം പുനരാരംഭിക്കാൻ നടപടിയുണ്ടായിട്ടില്ല.
കൃഷിക്കാർക്കും ആശ്രയം
പറമ്പികേരി എ ബ്ലോക്ക്, ബി ബ്ലോക്ക്, വഴുതാനം പടിഞ്ഞാറ് തുടങ്ങിയ പാടശേഖരങ്ങളിലെ കൃഷി ആവശ്യത്തിന് ആശ്രയിക്കുന്നതും ഈ റോഡിനെയാണ്. നിർമ്മാണ ജോലി ഏറ്റെടുത്ത കരാറുകാരനെപ്പറ്റിയും അക്ഷേപമുണ്ട്. ഈ കരാറുകാരൻ ഏറ്റെടുക്കുന്ന എല്ലാ ജോലികൾക്കും കാലാതാമസമുണ്ടാകാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. എത്രയും വേഗം റോഡ് നിർമ്മാണം പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം