ആലപ്പുഴ: മാലിന്യ സംസ്‌കരണത്തിന് മികവേകുവാനും ജനബോധവത്കരണത്തിനുമായി ആലപ്പുഴ നഗരസഭ കൈമാറ്റക്കട ആരംഭിക്കും.
തുമ്പോളി പളളിപ്പെരുനാളിനോട് അനുബന്ധിച്ച് നഗരസഭ സ്ഥാപിക്കുന്ന ഹരിതചട്ട പാലന കേന്ദ്രത്തിലാണ് കൈമാറ്റക്കടയുടെ പ്രവർത്തനം. ഉപയോഗം ഇല്ലാത്തതും പ്രവർത്തനക്ഷമമായിട്ടുളളതുമായ ഉപകരണങ്ങൾ, വസ്ത്രങ്ങൾ, ഫർണീച്ചറുകൾ, ഗൃഹോപകരണങ്ങൾ, കുട്ടികൾക്ക് ചെറുതായി പോയതും മറ്റുകുട്ടികൾക്ക് ഉപയോഗപ്രദമായേക്കാവുന്ന കുഞ്ഞുടുപ്പുകൾ കളിപ്പാട്ടങ്ങൾ, സൈക്കിളുകൾ തുടങ്ങി മറ്റൊരാൾക്ക് ഉപയോഗപ്പെടുന്ന വസ്തുവും കൈമാറ്റക്കടവഴി കൈമാറുന്നതിനും നിങ്ങൾക്ക് ഉപയോഗപ്രദമായവ തിരികെ എടുക്കുന്നതിനും സാധിക്കും. കൈമാറാൻ ഒന്നുമില്ലാത്തവർക്കും കൈമാറ്റക്കടയിൽ നിന്നും സാധനങ്ങൾ സൗജന്യമായി ലഭിക്കും. മുല്ലക്കൽ കിടങ്ങാംപറമ്പ് ചിറപ്പിനോടനുബന്ധിച്ചും തുടർന്ന് ആഴ്ചയിൽ നിശ്ചിത ദിവസങ്ങളിൽ നഗരസഭ ടൗൺഹാൾ കേന്ദ്രീകരിച്ചും കൈമാറ്റകടയുടെ സേവനം പൊതുജനങ്ങൾക്ക് ലഭ്യമാക്കും. ജനങ്ങൾക്ക് കേന്ദ്രങ്ങളിൽ നേരിട്ട് എത്തിക്കുവാൻ വാഹന സൗകര്യം ആവശ്യമുള്ള ഗൃഹോപകരണങ്ങൾ നഗരസഭ ആരോഗ്യ വിഭാഗവുമായി ബന്ധപ്പെടുന്ന പക്ഷം വേണ്ട ക്രമീകരണങ്ങൾ ഒരുക്കുന്നതാണെന്ന് നഗരസഭ അദ്ധ്യക്ഷ സൗമ്യ രാജ്, ഉപാദ്ധ്യക്ഷൻ പി.എസ്.എം.ഹുസൈൻ, ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബീന രമേശ് എന്നിവർ അറിയിച്ചു.