ആലപ്പുഴ: ജില്ലയിലെ വലിയ ഹാർബറുകളിലൊന്നാകാനായി ചെത്തി കടപ്പുറം ഒരുങ്ങുന്നു. പുലിമുട്ടുകളുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. 1620 മീറ്ററാണ് പുലിമുട്ടിന്റെ ആകെ നീളം. തെക്കെ പുലിമുട്ടിന്റെ 140 മീറ്ററും വടക്കേ പുലിമുട്ടിന്റെ 200 മീറ്ററും ഇതിനകം പൂർത്തിയായി. രണ്ട് പുലിമുട്ടുകളുടെയും നിർമ്മാണം പൂർത്തിയാക്കാൻ നാല് ലക്ഷം ടൺ കല്ലുകളാണ് വേണ്ടത്. ശേഷിക്കുന്ന പുലിമുട്ട് നിർമ്മാണം വേഗത്തിലാക്കും.
നിർമ്മാണം പൂർത്തിയാകുന്നതോടെ ജില്ലയിലെ വലിയ ഹാർബറുകളിലൊന്നായി ചെത്തി ഹാർബർ മാറും. തീരദേശ മേഖലയിൽ വലിയ വികസനവും സമീപ പ്രദേശത്തുള്ളവർക്ക് തൊഴിലും ലഭിക്കുമെന്നാണ് പ്രതീക്ഷ. കടലിൽ നിന്ന് മത്സ്യവുമായി എത്തുന്ന തൊഴിലാളികൾക്ക് കിലോമീറ്ററുകൾ താണ്ടി നീണ്ടകരയിലേക്കും കൊച്ചിയിലേക്കും പോകേണ്ട അവസ്ഥയ്ക്കും ഇതോടെ മാറ്റം വരും.
2018 - 19ലെ ബഡ്ജറ്റിൽ കിഫ്ബി ഫണ്ടിൽ ഉൾപ്പെടുത്തിയാണ് 111 കോടി രൂപ അനുവദിച്ചത്. 2021 നവംബർ അഞ്ചിനാണ് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. കോസ്റ്റൽ ഏരിയ ഡവലപ്‌മെന്റ് കോർപറേഷൻ, ഹാർബർ എൻജിനീയറിംഗ് വിഭാഗങ്ങളാണ് ജോലകൾ ഏകോപിപ്പിക്കുന്നത്. രാമലിംഗം കൺസ്ട്രക്ഷൻസിനാണ് നിർമ്മാണ ചുമതല.
രണ്ട് പുലിമുട്ടുകൾ
970 മീറ്റർ, 650 മീറ്റർ നീളത്തിൽ രണ്ട് പുലിമുട്ടുകൾ
ഏഴ് മീറ്റർ നീളമുള്ള വാർഫ്
ഒരു ലേലഹാൾ
അപ്രോച്ച് ചാനൽ
115 മീറ്റർ നീളവും 13 മീറ്റർ വീതിയുമുള്ള ഇന്റേണൽ റോഡ്
പാർക്കിംഗ് ഏരിയ
ഹാർബറിലേയ്ക്കുള്ള അപ്രോച്ച് റോഡ്
രണ്ട് വിക്കറ്റ് ഗേറ്റുകളോടും കൂടിയ ഗേറ്റ് ഹൗസ്
ശുദ്ധജല ലഭ്യമാക്കാൻ ഒ.എച്ച്. ടാങ്ക്
ചെലവ് 111 കോടി രൂപ