മുഹമ്മ : ദുബായിൽ നടന്ന ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ രാജ്യത്തിനായി സ്വർണം നേടിയ എം.ആർ.ആശംസയ്ക്ക് അഭിനന്ദന പ്രവാഹം. മുഹമ്മ ആര്യക്കര എ.ബി വിലാസം ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ ആശംസ 57 കിലോ വിഭാഗത്തിലാണ് സ്വർണം നേടിയത്. നാട്ടുകാരുടെ സഹായത്താലും കടം വാങ്ങിയുമാണ് മത്സരത്തിൽ പങ്കെടുക്കാനുള്ള തുക കണ്ടെത്തിയത്. കായികാദ്ധ്യാപകർ വി.സവിനയന്റെ ശിക്ഷണത്തിൽ എ.ബി.വി ജിമ്മിലാണ് ആശംസയുടെ പരിശീലനം .
ദേശീയ - സംസ്ഥാന മത്സരങ്ങളിലായി 5 മെഡലുകൾ നേടിയിട്ടുണ്ട് . മുഹമ്മ സി.എം.എസ് എൽ.പി സ്കൂളിൽ പഠിക്കുന്ന കാലത്തു തന്നെ വിവിധ കായിക ഇനങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടിയിരുന്നു .ആര്യക്കര സ്ക്കൂളിൽ ചേർന്നപ്പോഴും കായിക മത്സരങ്ങളിൽ പങ്കെടുത്തു .എട്ടാം ക്ലാസുമുതലാണ് പവർലിഫ്റ്റിംഗിലേയ്ക്ക് തിരിയാൻ അദ്ധ്യാപകൻ വി.സവിനയൻ ഉപദേശിച്ചത്. രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ ആശംസയെയും സവിനയനെയും നാടാകെ അഭിനന്ദിക്കുകയാണിപ്പോൾ. മുഹമ്മ ആര്യക്കര ക്ഷേത്രത്തിനു സമീപം മൂപ്പമ്പറമ്പിൽ എം.ആർ. രാജിയുടെയും എസ്.എസ്.രേഖയുടെയും മകളാണ് ആശംസ .ബിരുദ വിദ്യാർത്ഥി എം.ആർ.അനുഗ്രഹ സഹോദരിയാണ്.