 
മാന്നാർ : സ്റ്റാൻഡിൽ കയറാതെ കടന്നു പോകുന്ന ബസുകൾക്കെതിരെ നടപടിയുമായി മാന്നാർ ഗ്രാമപഞ്ചായത്ത്. സ്റ്റോർ ജംഗ്‌ഷനിലുള്ള മാന്നാർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിൽ ബസുകൾ കയറാതെ പോകുന്നത് പരാതിക്കിടയാക്കിയിരുന്നു. യാത്രക്കാർ ബസിന്റെ വരവുംകാത്ത് സ്റ്റാൻഡിൽ കാത്ത് നിൽക്കുമ്പോൾ സ്റ്റോർ ജംഗ്‌ഷനിൽ നിർത്തി ആളുകളെ ഇറക്കി ബസുകൾ കടന്നു പോകുന്നതിനെതിരെ സാമൂഹ്യ പ്രവർത്തകർ കോടതിയെ സമീപിച്ചിരുന്നു. ഇതിനുശേഷം ബസുകൾ സ്റ്റാൻഡിൽ കയറിത്തുടങ്ങിയെങ്കിലും ദിവസങ്ങൾ കഴിഞ്ഞപ്പോൾ വീണ്ടും പഴയപടിയിലായി.
സ്റ്റാൻഡിൽ കയറാതെ പോകുന്ന ബസ്സുകളുടെ പേരും നമ്പരും വിവരങ്ങളും രേഖപ്പെടുത്തി ചെങ്ങന്നൂർ ആർ.ടി.ഒക്ക് പരാതി നൽകാനാണ് പഞ്ചായത്തിന്റെ തീരുമാനം. കെ.എസ്.ആർ.ടി.സി ബസുകൾക്കെതിരെ ഡിപ്പോകളിലും പരാതി നല്കും. ഇതിനായി ഒരു ജീവനക്കാരനെ ചുമതലപ്പെടുത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ ശ്രദ്ധേയം, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.കെ പ്രസാദ്, സെക്രട്ടറി വർഗീസ് പി.എ . പഞ്ചായത്ത് ജീവനക്കാരൻ യശോധരൻ എന്നിവർ അടങ്ങുന്ന ടീം ഇന്നലെ സ്റ്റാന്റിൽ കയറാത്ത ബസുകളുടെ വിവരങ്ങൾ ശേഖരിക്കുന്നതിന് തുടക്കം കുറിച്ചു. പൊതുമരാമത്ത് ഇലട്രോണിക്സ് വിഭാഗത്തിന്റെ സഹായത്തോടെ സ്റ്റോർ ജംഗ്ഷനിൽ കാമറ സ്ഥാപിക്കുന്നതിനുള്ള എസ്റ്റിമേറ്റ് നടപടികൾ പൂർത്തിയായിട്ടുണ്ടെന്നും സെക്രട്ടറി അറിയിച്ചു.