ഹരിപ്പാട്: ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ അനധികൃതമായി നെൽവയലുകളും നീർത്തടങ്ങളും നികത്തുന്നതിനെതിരെ കെ.എസ്.കെ.ടി.യു വിന്റെ നേതൃത്വത്തിൽ ശക്തമായ സമരം ആരംഭിക്കുന്നു. 8 ന് കെ.എസ് കെ.ടി.യു ഏരിയാ കമ്മറ്റികളുടെ നേതൃത്വത്തിൽ താലൂക്ക് - വില്ലേജ് ഓഫീസ് മാർച്ചും ധർണയും സംഘടിപ്പിക്കും. നെൽവയൽ നീർത്തട സംരക്ഷണ നിയമം കർശനമായി നടപ്പിലാക്കുക, അനധികൃത നിലംനികത്തൽ തടയുവാൻ റവന്യൂ - പൊലീസ് അധികാരികൾ കർശന നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. അന്യായമായി നിലം നികത്തുന്ന പ്രവണത പല സ്ഥലങ്ങളിലും റവന്യൂ അധികാരികളുടെ ഒത്താശയോടെയാണ് നിലംനികത്തൽ നടത്തുന്നത്. ഇതിനെതിരെ ബന്ധപ്പെട്ട അധികാരികൾ കർശന നടപടി സ്വീകരിക്കാത്ത പക്ഷം കെ.എസ്.കെ.ടി.യു പ്രത്യക്ഷ സമരം ആരംഭിക്കുമെന്ന് ജില്ലാ പ്രസിഡന്റ് കെ.രാഘവനും ജില്ലാ സെക്രട്ടറി എം.സത്യപാലനും പ്രസ്ഥാവനയിൽ പറഞ്ഞു. 8 ന് മാന്നാർ വില്ലേജ് ഓഫീസ് സമരം ജില്ലാ സെക്രട്ടറി എം.സത്യപാലനും, എടത്വാ വില്ലേജ് ഓഫീസ് സമരം സംസ്ഥാന വൈസ് പ്രസിഡന്റ് എ.ഡി. കുഞ്ഞച്ചനും ഉദ്ഘാടനം ചെയ്യും.