ഹരിപ്പാട് : പള്ളിപ്പാട് വഴുതാനം ചിറക്കുഴി പാടശേഖരത്തിന് കെ.എൽ.ഡി.സി കായംകുളം പ്രോജക്ട് എൻജിനീയർ അനുവദിച്ച രണ്ടര ലക്ഷം രൂപ വില വരുന്ന 25 എച്ച്.പിയുടെ മോട്ടോർ കൃഷിക്കാരോ പാടശേഖര സമിതി ഭാരവാഹികളോ അറിയാതെ മുൻ സെക്രട്ടറി തട്ടിയെടുത്തെന്ന് പാടശേഖര സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ഇത് സംബന്ധിച്ച് പള്ളിപ്പാട് കൃഷി ഭവൻ, എ.ഡി ഓഫീസ്, കെ. എൽ.ഡി.സി പ്രോജക്ട് എൻജിനീയർ , ഹരിപ്പാട് പൊലിസ് എന്നി വിടങ്ങളിൽ പരാതി നൽകിയെന്നും ഇവർ അറിയിച്ചു.
2021 സെപ്തംബർ 23 ന് ആണ് കെ.എൽ.ഡി.സിക്ക് എഗ്രിമെന്റ് വച്ച് മുൻ സെക്രട്ടറി മോട്ടോർ വാങ്ങിയെടുത്തത്. അന്നത്തെ സമിതി പ്രസിഡന്റ് വിദേശത്ത് ആയിരുന്നതിനാൽ അദ്ദേഹമോ മറ്റു ഭാരവാഹികളോ കർഷകരോ സെക്രട്ടറി മോട്ടോർ വാങ്ങിയെടുത്തത് അറിഞ്ഞില്ല. 2.5 കോടി രൂപ ചിലവിൽ കെ.എൽ.ഡി.സി നിർമ്മിക്കുന്ന പാടശേഖരത്തിന്റെ പുറംബണ്ടിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തുന്നതിന് പ്രോജക്ട് എൻജിനീയർ വന്നപ്പോൾ കർഷകർ മോട്ടോറും മോട്ടോർ തറയും കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് നേരത്തേ മോട്ടോർ അനുവദിച്ചിട്ടുണ്ടെന്നും മോട്ടോർ തറ ഈ വർഷം തന്നെ നിർമ്മിക്കുമെന്നുമുളള വിവരം പാടശേഖര സമിതി ഭാരവാഹികൾ അറിഞ്ഞത്. വാർത്താ സമ്മേളനത്തിൽ ജനാർദ്ദനൻ പിള്ള കോയിപ്പുറത്ത്,ബ്രഹ്മദത്തൻ കെ. ശ്രീചക്ര നിലയം, തങ്കപ്പൻ കൊച്ചുമ്മൻ മാനത്തറയിൽ , കെ.എൻ.ചന്ദ്രൻപിള്ള കരിപ്പോലിൽ എന്നിവർ പങ്കെടുത്തു