ആലപ്പുഴ: വേലിയേറ്റം മൂലം മട വീണ കുട്ടനാട്ടിലെ ഇരുമ്പനം പാടശേഖരം കളക്ടർ വി.ആർ.കൃഷ്ണ തേജ സന്ദർശിച്ചു. വേലിയേറ്റം ശക്തമായതോടെയാണ് 400 ഏക്കറോളം വരുന്ന പാടശേഖരത്തിൽ മടവീണത്. മട പുനർനിർമ്മിക്കാനുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. മടവീണതോടെ പ്രദേശത്തെ ചില വീടുകളിൽ വെള്ളം കയറി. ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിക്കാനും കളക്ടർ തഹസിൽദാർക്ക് നിർദ്ദേശം നൽകി. കുട്ടനാട് തഹസിൽദാർ എസ്.അൻവർ, പാടശേഖര സമിതി പ്രതിനിധികൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവർ കളക്ടർക്കൊപ്പം ഉണ്ടായിരുന്നു. ഹരിപ്പാട് നഗരസഭ, ചെറുതന, വീയപുരം, തലവടി, വെളിയനാട്, പള്ളിപ്പാട്, ചെന്നിത്തല, ചമ്പക്കുളം, കൈനകരി എന്നീ ഗ്രാമപഞ്ചായത്തുകളിലെ 13 പാടശേഖരങ്ങളിലും മടവീഴ്ച ഉണ്ടായിട്ടുണ്ട്.