ആലപ്പുഴ: സംസ്ഥാന ജി.എസ്.ടി വകുപ്പിന്റെ ലക്കി ബിൽ' ആപ്പിലൂടെ പത്ത് ലക്ഷം രൂപയുടെ സമ്മാനം ലഭിച്ച സന്തോഷത്തിലാണ് ജി.എസ്.ടി വകുപ്പ് ജീവനക്കാരിയായ ആലപ്പുഴ പഴവീട് മന്നം ക്വാർട്ടേഴ്സിൽ സുനിത ശേഖർ. 'ലക്കി ബിൽ' ആപ്പ് സെപ്തംബറിലെ നറുക്കെടുപ്പിലാണ് ഒന്നാം സമ്മാനം സുനിതയെ തേടിയെത്തിയത്. നികുതി വെട്ടിപ്പ് തടഞ്ഞ്, ബില്ലുകൾ ചോദിച്ചു വാങ്ങുന്നത് പ്രോത്സാഹിപ്പിക്കാൻ വകുപ്പ് നടപ്പാക്കുന്ന പദ്ധതിയുടെ പ്രതിമാസ നറുക്കെടുപ്പാണിത്. ആലപ്പുഴ എയ്ഞ്ചൽ ഏജൻസീസിൽ നിന്ന് സെപ്തംബർ 10ന് വാങ്ങിയ വാഷിംഗ് മെഷീന്റെ ബില്ലിനാണ് സമ്മാനം. ആലപ്പുഴ ജി.എസ്.ടി സർക്കിൾ ഓഫീസിൽ ഓഫീസ് അസിസ്റ്റന്റാണ് സുനിത. ബില്ലുകൾ ചോദിച്ചുവാങ്ങി ആപ്പിൽ അപ്‌ലോഡ് ചെയ്യാൻ മറ്റുള്ളവരെ പ്രോത്സഹിപ്പിക്കുന്നതിനൊപ്പം സ്വന്തമായും ഇത് ചെയ്തിരുന്നു. ഇങ്ങനെ അപ്‌ലോഡ് ചെയ്ത ബില്ലാണ് സമ്മാനം നേടിത്തന്നതെന്ന് സുനിത പറഞ്ഞു. ഭർത്താവ്: അനിൽ. മകൻ: ശ്രീധർ അനിൽകുമാർ.