photo
മടവീഴ്ചയിൽ തകർന്ന ഇരുമ്പനം പാടത്തിന്റെ പുറംബണ്ട്

കൈനകരി വഴിയുള്ള ഗതാഗതം മുടങ്ങി

ആലപ്പുഴ : വേലിയേറ്റവും കിഴക്കൻ വെള്ളത്തിന്റെ വരവും തുടരുന്നത് മൂലം കുട്ടനാട്ടിൽ പാടശേഖരങ്ങളുട‌െ പുറംബണ്ടുകൾ കവിഞ്ഞ് ഉപ്പുവെള്ളം കയറുന്നതും മടവീഴ്ചയും പതിവാകുന്നത് പുഞ്ചകൃഷിയിറക്കിയ കർഷകരെ ആശങ്കയിലാക്കുന്നു. നാലു പാടശേഖരങ്ങളിലാണ് ഇതുവരെ മടവീഴ്ചയുണ്ടായത്. 13 പാടശേഖരങ്ങളിൽ ബണ്ട് കവിഞ്ഞ് വെള്ളം കയറി കൃഷി നശിച്ചു. മടവീഴ്ചയെത്തുടർന്ന് റോഡിൽ വെള്ളം കയറിയതോടെ കൈനകരി, പൂപ്പള്ളി വഴിയുള്ള വാഹനഗതാഗതം തടസപ്പെട്ടു.

എ.സി റോഡിലൂടെ യാത്ര വൺവേ സംവിധാനത്തിൽ ആയതിനാൽ ഇതുവഴിയാണ് കെ.എസ്.ആർ.ടി.സി അടക്കം വാഹനങ്ങൾ തിരിച്ചു വിട്ടിരുന്നത്. കൊയ്യാൻ 10 ദിവസം മാത്രം ബാക്കി നിൽക്കെയാണ് രണ്ടുദിവസം മുമ്പ് മൂലപള്ളിക്കാട് , തൈപ്പറമ്പ് തെക്ക് എന്നിവിടങ്ങളിൽ മടവീഴ്ച ഉണ്ടായത്. ഇതിൽ തൈപ്പറമ്പ് തെക്കു പാടശേഖരം കർഷകരുടെ ശ്രമഫലമായി സംരക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ട്.

700കുടുംബങ്ങൾ വെള്ളത്തിൽ
ഇരുമ്പനം പാടത്തും പുത്തൻപുരം പാടത്തും വെള്ളം കയറിയതോടെ എഴുന്നൂറിൽപ്പരം കുടുംബങ്ങളാണ് വെള്ളത്തിലായത്. അടിയന്തരമായി മടകുത്തി വെള്ളം വറ്റിച്ചാൽ മാത്രമേ ഇവരെ വെള്ളക്കെട്ടിൽ നിന്നും രക്ഷിക്കാൻ കഴിയൂ. വേലിയേറ്റവും മടവീഴ്ചയും തുടരുന്നതിനിടെ കൈനകരിയിലെ വലിയകരി, മീനപ്പള്ളി പാടശേഖരങ്ങളിൽ കൃഷിയിറക്കി. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വലിയകരി, മീനപ്പള്ളി പാടശേഖരങ്ങളിൽ കൃഷിയിറക്കുന്നത്. പ്രളയവും തുടർച്ചയായി ഉണ്ടാകുന്ന മടവീഴ്ചയുമാണ് കൃഷി മുടങ്ങാൻ കാരണം. കൈനകരി കനകാശേരി പാടശേഖരത്തിൽ തുടർച്ചയായുണ്ടായ മടവീഴ്ച കാരണമാണ് സമീപത്തുള്ള മീനപ്പള്ളി,വലിയകരി പാടശേഖരങ്ങളിലും കൃഷി മുടങ്ങിയത്. പാടശേഖരത്തിന്റെ ഉള്ളിലും ഒട്ടനവധി കുടുംബങ്ങൾ താമസിക്കുന്നുണ്ട്. കൃഷി മുടങ്ങിയത് മൂലം കർഷകർക്കൊപ്പം പ്രദേശവാസികളും വെള്ളക്കെട്ട് മൂലം ദുരിതത്തിലായിരുന്നു. പറമ്പിലും വീടുകളിലും വെള്ളം കയറിക്കിടന്നതുമൂലം മരണാനന്തര ചടങ്ങുകളും സംസ്‌കാരവും ബന്ധുവീടുകളിലേക്ക് മാറ്റേണ്ട അവസ്ഥയാണ്.