കല്ലുമല റെയിൽവേ മേല്പാലം യാഥാർത്ഥ്യത്തിലേക്ക്
മാവേലിക്കര : മാവേലിക്കര നിവാസികളുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമായ കല്ലുമല റെയിൽവേ മേല്പാലം യാഥാർത്ഥ്യത്തിലേക്കടുക്കുന്നു. നിർമ്മാണത്തിന് മുന്നോടിയായി സാമൂഹികാഘാത പഠനം നടത്തുന്ന സംഘം സ്ഥലം സന്ദർശിച്ച് പ്രദേശവാസികളോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു.
എറണാകുളം രാജഗിരി ഔട്ട് റീച്ചിന്റെ സോഷ്യൽ ഇംപാക്ട് ഡെവലപ്‌മെന്റ് ഓഫീസർ സി.പി.ബിജുവിന്റെ നേതൃത്വത്തിൽ എം.എസ്.അരുൺകുമാർ എം.എൽ.എയുടെ സാന്നിദ്ധ്യത്തിലാണ് പഠനസംഘം വിവരശേഖരണം നടത്തിയത്. മേൽപ്പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് സ്ഥലം നഷ്ടപ്പെടുന്ന വ്യക്തികളുടെയും വ്യാപാരസ്ഥാപന പ്രതിനിധികളുടെയും പരാതികൾ കേൾക്കുന്നതിനായി അടുത്തുതന്നെ യോഗം വിളിച്ചുചേർക്കും. ഇതിൽ ഉയരുന്ന പരാതികളും നിർദ്ദേശങ്ങളും കൂടി പരിഗണിച്ചാകും അന്തിമ റിപ്പോർട്ട് തയ്യാറാക്കുക. ഈ റിപ്പോർട്ട് വിദഗ്ദ്ധസമിതി പരിശോധിച്ച് ജില്ലാ കളക്ടർക്ക് കൈമാറുന്നതോടെ മേൽപ്പാലത്തിന് ഭൂമി ഏറ്റെടുക്കുവാനുളള വിജ്ഞാപനം പുറപ്പെടുവിക്കും.റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപറേഷനാണ് നിർമാണ മേൽനോട്ടം. ഒരാഴ്ച മുമ്പാണ് സാമൂഹികാഘാത പഠനം നടത്താൻ രാജഗിരി ഔട്ട് റീച്ചിനെ ചുമതലപ്പെടുത്തിയത്.
റെയിൽവേ മേല്പാലം പദ്ധതി
ഏറ്റെടുക്കുന്ന ഭൂമിയിൽ 24 പുരയിടങ്ങളും മൂന്ന് പുറമ്പോക്ക് ഭൂമിയും
പ്രത്യാഘാത പഠനം പൂർത്തിയാക്കിയാൽ സ്ഥലം ഏറ്റെടുക്കാൻ വിജ്ഞാപനം പുറപ്പെടുവിക്കും
ഇതിന് മുന്നോടിയായി ഭൂവുടമകളുടെ ആശങ്കകളും പരാതികളും പരിഹരിക്കണം
ഈ കടമ്പ പിന്നിട്ടാൽ നിർമ്മാണ പ്രവർത്തനത്തിന്റെ ഘട്ടത്തിലേക്ക് കടക്കും
പഠനം എട്ടാഴ്ചയ്ക്കകം തീർക്കണമെന്നാണ് നിർദ്ദേശം ലഭിച്ചിട്ടുള്ളത്. ആറ് മാസത്തിന് മുന്നോട്ട് പോകാനും പാടില്ല. അനുവദിച്ച സമയത്തിനകം തന്നെ സാമൂഹികാഘാത പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കും.- സി.പി.ബിജു, രാജഗിരി ഔട്ട് റീച്ച് ഡവലപ്‌മെന്റ് ഓഫീസർ