ആലപ്പുഴ: മുല്ലയ്ക്കൽ- കിടങ്ങാംപറമ്പ് ക്ഷേത്രോത്സവങ്ങളുടെ ഭാഗമായി ആലപ്പുഴ എസ്.ഡി.വി സ്കൂൾ ഗ്രൗണ്ടിൽ മൂന്നു പതിറ്റാണ്ടോളം നടത്തിയിരുന്ന കാർഷിക, വ്യാവസായിക പ്രദർശനം ഇക്കുറിയുണ്ടാവില്ല. എസ്.ഡി കോളേജ് പ്ളാറ്റിനം ജൂബിലി ആഘോഷത്തിന്റെയും എസ്.ഡി.വി സെൻട്രൽ സ്കൂളിന്റെ സുവർണ ജൂബലി ആഘോഷത്തിന്റെയും ഭാഗമായി ദേശീയ കാർഷിക പ്രദർശനം നടത്താൻ ആലോചിക്കുന്നതിനാലാണ് ചിറപ്പുമായി ബന്ധപ്പെട്ട പ്രദർശനം ഒഴിവാക്കിയത്.
ജില്ല അഗ്രി ഹോർട്ടി കൾച്ചറൽ സൊസൈറ്റി, കൃഷി വകുപ്പ്, എസ്.ഡി കോളേജ് ബോട്ടണി വിഭാഗം എന്നിവയുടെ നേതൃത്വത്തിൽ എസ്.ഡി.വി സ്കൂൾ ഗ്രൗണ്ടിൽ ഡിസംബർ 28 മുതൽ 30 വരെയാണ് കാർഷിക, വ്യാവസായിക പ്രദർശനം സംഘടിപ്പിച്ചിരുന്നത്. മുല്ലയ്ക്കൽ - കിടങ്ങാംപറമ്പ് ക്ഷേത്രങ്ങളിലെ ചിറപ്പ് ഉത്സവങ്ങൾക്ക് മാറ്റുകൂട്ടുന്നതിൽ പ്രധാന പങ്കു വഹിച്ചിരുന്നത് പ്രദർശനമായിരുന്നു. ജില്ലാ കോടതിപ്പാലം പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് എസ്.ഡി.വി സ്‌കൂൾ ഗ്രൗണ്ട് നഷ്ടമാകുമെന്നതും പ്രദർശനം വേണ്ടെന്ന് വയ്ക്കാൻ കളക്ടർ ചെയർമാനായുള്ള ജില്ലാ അഗ്രി ഹോർട്ടി കൾച്ചറൽ സൊസൈറ്റി തീരുമാനിക്കാൻ കാരണമായി.
എസ്.ഡി കോളേജും ബോട്ടണി വിഭാഗവും ചേർന്ന് രാജ്യാന്തര പ്രദർശനത്തിന് വേദി ഒരുക്കാമെന്ന് സൊസൈറ്റിയെ അറിയിച്ചിരുന്നു. ഏപ്രിൽ, മേയ് മാസങ്ങളിൽ നടത്താനാണ് സംഘാടകർ ആലോചിക്കുന്നത്. ചിറപ്പിനോട് അനുബന്ധിച്ചുള്ള കാർഷിക പ്രദർശനത്തിന് സ്കൂൾ ഗ്രൗണ്ടിൽ ഒരുക്കങ്ങൾക്കുള്ള തയ്യാറെടുപ്പിനിടെയാണ് ജില്ലാക്കോടതി പാലം പുതുക്കിപ്പണിയാൻ ഗ്രൗണ്ടിന്റെ ഒരുഭാഗം ഏറ്റെടുക്കുമെന്ന വിവരം സംഘാടകർ അറിഞ്ഞത്.
ഇത് മൂന്നാം തവണ
സുനാമി, പ്രളയം, കൊവിഡ് കാലഘട്ടങ്ങളിലാണ് പ്രദർശനം വേണ്ടെന്നു വച്ചത്. സുനാമി, പ്രളയം സമയങ്ങളിൽ പ്രദർശനത്തിന് സജ്ജമാക്കിയ കാർഷിക ഉത്പന്നങ്ങൾ ദുരിതബാധിതർക്കുള്ള ക്യാമ്പുകളിലേക്ക് സൗജന്യമായി നൽകിയിരുന്നു. കൊവിഡിനെ തുടർന്ന് 2020ലും 2021ലും പ്രദർശനം നടന്നില്ല.
നിറയെ സ്റ്റാളുകൾ
ഫയർഫോഴ്സ്, എക്‌സൈസ്, മെഡിക്കൽ കോളേജ്, ആത്മ, ക്ഷീര വികസന വകുപ്പ്, ഫിഷറീസ്, കയർബോർഡ്, ഹോർട്ടികോർപ്, ഗാന്ധി സ്മാരക കേന്ദ്രം, വിവിധ ഫാർമേഴ്സ് ക്ലബ്ബുകൾ തുടങ്ങി 75ൽ അധികം സ്റ്റാളുകൾ കാർഷിക വ്യാവസായിക പ്രദർശനത്തിലുണ്ടാവും. കഞ്ഞിക്കുഴി, മുഹമ്മ, ആര്യാട്, മാരാരിക്കുളം പഞ്ചായത്തുകളിലെ കർഷകർ ഉത്പാദിപ്പിച്ച കാർഷിക വിളകളും പ്രദർശനത്തിൽ അണിനിരക്കും.
ചിറപ്പിനോടനുബന്ധിച്ചു നടത്തുന്ന കാർഷിക വ്യാവസായിക പ്രദർശനം ഉപേക്ഷിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണം.
-എൻ.സന്തോഷ് കുമാർ, കർഷകൻ