ph

കായംകുളം: പേര് ചോദിച്ച് നീതി നടപ്പാക്കുന്ന സംസ്ഥാനമായി കേരളം മാറിയെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. മതസൗഹാർദ്ദം തകർക്കാനല്ല, ജാതിമത ഭേദമില്ലാതെ ജീവിക്കാനാണ് ഇങ്ങനെ പറയേണ്ടി വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി​. കായംകുളം ശ്രീനാരായണ സെൻട്രൽ സ്കൂളിൽ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിർമ്മിച്ച സിൽവർ ജൂബിലി ബിൽഡിംഗിന്റെ സമർപ്പണം നിർവഹിക്കുകയായിരുന്നു വെള്ളാപ്പള്ളി.

മാറി​മാറി​ വരുന്ന ഇടത്, വലത് സർക്കാരുകൾ സമുദായത്തോട് നീതി കാട്ടിയില്ലെന്ന് മാത്രമല്ല അനീതി തുടരുകയുമാണ്. വിദ്യാഭ്യാസ നീതി ഇനിയും അകലെയാണ്. ജനസംഖ്യാനുപാതികമായ നീതി സമുദായത്തിന് കിട്ടണം. ജാതിയിലധിഷ്ഠിതമായ ഭരണഘടനയും നിയമങ്ങളും നിലനിൽക്കുമ്പോൾ ജാതി പറയേണ്ടി വരുന്നു. എല്ലാവർക്കും തുല്യ നീതി ലഭിച്ചാലേ അസമത്വവും ജാതി വിവേചനങ്ങളും ഇല്ലാതാകൂ. പേര് കേട്ടാൽ നീതി പങ്കിടാൻ മടിക്കുന്ന ഉദ്യോഗസ്ഥർ സമുദായത്തെ പിന്നോട്ടടിക്കുകയാണ്. നമുക്ക് തരാതിരിക്കാൻ നിയമങ്ങളും ചട്ടങ്ങളും പറയുന്നവർ അർഹതയില്ലാത്തവർക്ക് എല്ലാം നൽകാനുള്ള നിയമങ്ങളുടെ പണിപ്പുരയിലാണ്. വളരാനും ഉയരാനും വിദ്യാഭ്യാസ പുരോഗതി നേടാനും ഒന്നിച്ച് നിൽക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. എയർ കണ്ടീഷൻ ചെയ്ത ഡിജിറ്റൽ ക്ളാസ് റൂം ഉദ്ഘാടനം സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ നിർവഹിച്ചു. ശ്രീനാരായണ സാംസ്കാരിക സമിതി പ്രസിഡന്റും സ്കൂൾ മാനേജരുമായ വി. ചന്ദ്രദാസ് അദ്ധ്യക്ഷത വഹിച്ചു. കായംകുളം നഗരസഭ ചെയർപേഴ്സൺ പി.ശശികല, സമിതി സെക്രട്ടറി പള്ളിയമ്പിൽ ശ്രീകുമാർ, വൈസ് പ്രസിഡന്റ് കെ.ഹരീന്ദ്രൻ, പ്രിൻസിപ്പൽ ഡോ. എസ്.ബി​. ശ്രീജയ എന്നിവർ സംസാരിച്ചു.