
ചേർത്തല:സകല കലകളും ശിവനിൽ നിന്ന് ഉത്ഭവിച്ചതാണെന്നും ഗണപതിയും സുബ്രഹ്മണ്യനും ശിവ ചൈതന്യത്തിന്റെ വിഭിന്ന ഭാവങ്ങളാണെന്നും എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ ഗുരുദർശന പഠന വിഭാഗം കോ-ഓർഡിനേറ്റർ മനോജ് മാവുങ്കൽ പറഞ്ഞു. വേളോർവട്ടം മഹാദേവർ ക്ഷേത്രത്തിൽ നടക്കുന്ന ദശലക്ഷാർച്ചനയോടനുബന്ധിച്ച്
ഗുരുദേവകൃതികളായ വിനായകാഷ്ടകവും സുബ്രഹ്മണ്യകീർത്തനവും ശിവശതകവും ഉദ്ധരിച്ച് ഗുരുദേവ ദർശനത്തിലെ ശിവചൈതന്യം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ക്ഷേത്ര അഭിവൃദ്ധിക്കായി ആചാര്യൻമാർ നിർദ്ദേശിച്ച പഞ്ചപ്രമാണങ്ങളിൽ ഒന്നായ ''ആമ് നായജപ''ത്തിൽ വരുന്നതാണ് ലക്ഷാർച്ചന. അത് ദശലക്ഷമാകുമ്പോൾ നടത്തപ്പെടുന്ന ക്ഷേത്രവും അവിടെയെത്തുന്ന ഭക്തരും ആത്മീയ പുരോഗതിയുടെ ഉത്തുംഗതയിലെത്തുമെന്നും ഈശ്വരാനുഗ്രഹം ലഭിക്കുമെന്നും മനോജ് മാവുങ്കൽ പറഞ്ഞു.
ദശലക്ഷാർച്ചനയുടെ ഭാഗമായി നാലാം ദിവസം മഹാമൃത്യുഞ്ജയ ഹോമം നടന്നു. നൂറുകണക്കിന് ഭക്തരാണ് ചടങ്ങിൽ പങ്കെടുത്തത്.
വേളോർവട്ടത്ത് ഇന്ന്
രാവിലെ 6ന് ലക്ഷാർച്ചന,8.30ന് സ്വയംവര പാർവതി പൂജ,അർച്ചന കലശാഭിഷേകം,11.30ന് മുതുകുളം സോമനാഥിന്റെ പ്രഭാഷണം,വൈകിട്ട് 5ന് വടക്കിനകത്ത് വിശ്വരൂപ ചാർത്ത്, 7ന് തിരുവാതിര,തുടർന്ന് ഭക്തിഗാനസുധ.