ambala

 ആലപ്പുഴ മെഡി. ആശുപത്രിയിൽ സംഘർഷം

അമ്പലപ്പുഴ: കടിഞ്ഞൂൽ പ്രസവത്തിൽ കുഞ്ഞ് മരിച്ചതിനു പിന്നാലെ അമ്മയും യാത്രയായതോടെ ആലപ്പുഴ മെഡി. ആശുപത്രിയിൽ ഒരു പകൽ നീണ്ട പ്രതിഷേധവും സംഘർഷവും. കൈനകരി കായിത്തറ വീട്ടിൽ രാംജിത്തിന്റെ ഭാര്യ അപർണയും (22) കുഞ്ഞുമാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് നാലോടെ അപർണ പ്രസവിച്ച പെൺകുഞ്ഞ് മരിച്ചു. ഇന്നലെ രാവിലെ അഞ്ചോടെ അപർണയും മരണത്തിന് കീഴടങ്ങി. ചികിത്സിച്ച ഡോ. തങ്കു തോമസ് കോശിയോട് രണ്ടാഴ്ചത്തേക്ക് നിർബന്ധിത അവധിയിൽ പോകാൻ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചതോടെയാണ് വൈകിട്ട് ആറോടെ ഇരുവരുടെയും മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങിയത്.

അമ്മയും കുഞ്ഞും ഒരേസമയം മരിച്ചതാണെന്നും വിവരങ്ങൾ മറച്ചുവച്ചെന്നും ആരോപിച്ചായിരുന്നു ബന്ധുക്കളുടെയും നാട്ടുകാരുടെയും പ്രതിഷേധം. ചൊവ്വാഴ്ച രാവിലെ എട്ടോടെയാണ് അപർണയെ ലേബർ റൂമിലേക്ക് മാറ്റിയത്. വൈകിട്ട് മൂന്നോടെ കുട്ടിയുടെ പൊക്കിൾകൊടി പുറത്തുവന്നെന്നും അടിയന്തര ശസ്‌ത്രക്രിയ വേണമെന്നും ബന്ധുക്കളെ അറിയിച്ചിരുന്നു. പെൺകുട്ടി ജനിച്ചെങ്കിലും മരിച്ചെന്നും അപർണ വെന്റിലേറ്ററിലാണെന്നും നാലുമണിയോടെ പറഞ്ഞു. ഇതോടെ രാത്രി മുതൽ ആശുപത്രി പരിസരത്ത് സംഘർഷാവസ്ഥയായിരുന്നു. ഇന്നലെ രാവിലെ അഞ്ചുമണിയോടെ അപർണയും മരിച്ചതോടെയാണ് പ്രതിഷേധവുമായി ബന്ധുക്കളും നാട്ടുകാരും ആശുപത്രിയിലേക്കെത്തിയത്.

രാവിലെ സബ് കളക്ടർ സൂരജ് ഷാജി, എ.ഡി.എം സന്തോഷ് കുമാർ, അമ്പലപ്പുഴ തഹസീൽദാർ വി.സി. ജയ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഇൻക്വസ്റ്റ് തയ്യാറാക്കിയ ഇരു മൃതദേഹങ്ങളും പോസ്റ്റ്മോർട്ടം നടത്തിയെങ്കിലും ബന്ധുക്കൾ ഏറ്റുവാങ്ങിയില്ല. ഡോ. തങ്കു തോമസ് കോശിക്കെതിരെ നടപടി വേണമെന്നായിരുന്നു ആവശ്യം. പിന്നീട് കളക്ടർ ഉൾപ്പെടെയുള്ള അധികൃതരെത്തി ബന്ധുക്കളെ അനുനയിപ്പിക്കുകയും ഡോക്‌ടറെ മാറ്റിനിറുത്താനുള്ള തീരുമാനം അറിയിക്കുകയുമായിരുന്നു. പലതവണ സ്കാനിംഗും പരിശോധനകളും നടത്തിയെങ്കിലും അമ്മയ്‌ക്കും കുട്ടിക്കും കുഴപ്പമില്ലെന്നാണ് ഡോക്‌ടർ അറിയിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. പ്രസവസമയത്ത് ഡോക്‌ടർ തങ്കു തോമസ് കോശി ആശുപത്രിയിലില്ലായിരുന്നുവെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

 പരിശോധനയ്‌ക്ക് മെഡിക്കൽ സംഘം

മന്ത്രി വീണാ ജോർജിന്റെ നിർദ്ദേശപ്രകാരം ജോയിന്റ് ഡി.എം.ഇ അബ്ദുൾ റഷീദ്, ഫോറൻസിക് എച്ച്.ഒ.ഡി ഡോ. രഞ്ജു രവീന്ദ്രൻ, കോന്നി മെഡിക്കൽ കോളേജ് ഗൈനക്കോളേജി വിഭാഗം മേധാവി ഡോ.ശശികല, നോൺ മെഡിക്കൽ ഡി.എം.ഇ ഡോ. സെലീന ഷാ എന്നിവരടങ്ങിയ മെഡിക്കൽ സംഘം ആശുപത്രിയിലെത്തി. ലേബർ റൂമിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാർ, നഴ്സുമാർ, ജീവനക്കാർ, അപർണയുടെ ബന്ധുക്കൾ എന്നിവരുടെ മൊഴിയെത്തു. അടുത്ത ദിവസം മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിക്കും. ശേഷമാകും തുടർനടപടി.

 പൊക്കിൾക്കൊടി പുറത്തുവന്നതിനാലാണ് അടിയന്തര ശസ്‌ത്രക്രിയയ്‌ക്ക് വിധേയമാക്കിയത്. കുട്ടിയെ രക്ഷപ്പെടുത്താനായിരുന്നു ശ്രമമെങ്കിലും ഹൃദയമിടിപ്പ് 20ൽ താഴെയായിരുന്നു. ശസ്ത്രക്രിയാ സമയത്ത് അപർണയുടെ ബി.പി താഴ്ന്ന നിലയിലായിരുന്നു. ഡോ. തങ്കു തോമസ് കോശിയുടെ ടീമിനായിരുന്നു ചുമതല. അവർ സ്ഥലത്തുണ്ടായിരുന്നെന്നാണ് പ്രാഥമിക വിവരം. ആഭ്യന്തര അന്വേഷണത്തിൽ ഇക്കാര്യങ്ങളിൽ വ്യക്തത വരും

അബ്ദുൾ സലാം,

ആശുപത്രി സൂപ്രണ്ട്