മാന്നാർ : വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡിലൂടെ സ്കൂൾ ബസുകൾ വരാത്തതിനാൽ കിലോമീറ്റർ നടന്ന് സ്കൂളിൽ പോകേണ്ട അവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന പരാതിയുമായി കുട്ടികൾ 'കളക്ടർ മാമന്റെ' അരികിലെത്തി. മാന്നാർ ഗ്രാമപഞ്ചായത്തിലെ 4,3, 2,1 വാർഡുകളിലൂടെ കടന്നുപോകുന്ന പാവുക്കര മൂർത്തിട്ട മുക്കാത്താരി ബണ്ട് റോഡിന്റെ ശോച്യാവസ്ഥയ്ക്ക് വർഷങ്ങളായിട്ടും പരിഹാരം ഇല്ലാത്തതാണ് പരാതിയുമായി ജില്ലാ കളക്ടർ വി.ആർ.കൃഷ്ണതേജയ്ക്ക് മുന്നിലെത്താൻ കുട്ടികളെ പ്രേരിപ്പിച്ചത്.
മാന്നാർ നായർ സമാജം ഗേൾസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി അംനഫാത്തിമ, അഞ്ചാംക്ലാസ് വിദ്യാർത്ഥിനി നിമഫാത്തിമ, പരുമല സെമിനാരി സ്കൂൾ നാലാംക്ലാസ് വിദ്യാർത്ഥിനി അഖില, അക്ഷര സ്കൂൾ നാലാംക്ലാസ് വിദ്യാർത്ഥിനി സ്വാലിഹ, മാവേലിക്കര ഇൻഫാന്റ് ജീസസ് സ്കൂൾ രണ്ടാംക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഹാതിം എന്നിവരാണ് പരാതിക്കാർ.
തങ്ങളുടെ യൂട്യൂബ് ചാനലായ 'കുട്ടീസ് വൈബ്സി'ലൂടെ തകർന്ന റോഡിന്റെ ദൃശ്യങ്ങൾ പകർത്തി പുറംലോകത്തെ അറിയിച്ച് ആഴ്ചകൾക്ക് മുമ്പ് ഇവർ വാർത്തകളിൽ ഇടം നേടിയിരുന്നു. കളക്ടറെ നേരിട്ട് കണ്ട് പരാതി നൽകണമെന്ന മോഹവുമായി ഗൂഗിളിൽ സെർച്ച് ചെയ്ത് ലഭിച്ച നമ്പരിൽ കളക്ടറുടെ ഓഫീസുമായി ബന്ധപ്പെട്ടതോടെ ബുധനാഴ്ച കാണാൻ അനുമതി ലഭിച്ചു. കളക്ടറേറ്റിലെത്തിയ കുട്ടികളുടെ പരാതി വാങ്ങിയ കളക്ടർ മാന്നാർ ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ചക്കുളത്ത് കാവ് പൊങ്കാലയ്ക്ക് ചെങ്ങന്നൂർ താലൂക്കിൽ പ്രാദേശിക അവധിയായിരുന്നതിനാൽ സാദ്ധ്യമായില്ല. പരാതി ഉടൻ പഞ്ചായത്തിന് കൈമാറുമെന്നും ആവശ്യമായ നടപടി കൈക്കൊള്ളുമെന്നും കുട്ടികൾക്ക് കളക്ടർ ഉറപ്പ് നൽകി. അരികിൽ നിർത്തി ഫോട്ടോ എടുത്ത് മിഠായിയും നൽകിയാണ് കളക്ടർ കുട്ടികളെ യാത്രയാക്കിയത്.