കുട്ടനാട്: ഭക്തസഹസ്രങ്ങൾ ചക്കുളത്തമ്മയ്ക്ക് പൊങ്കാലയർപ്പിച്ച് സായൂജ്യരായി. രാവിലെ ക്ഷേത്രം മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി ശ്രീകോവിലിലെ കെടാവിളക്കിൽ നിന്ന് പകർന്ന് നൽകിയ ദീപം ക്ഷേത്രം കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി പൊങ്കാല അടുപ്പിലേക്ക് പകർന്നതോടെ ചടങ്ങുകൾ ആരംഭിച്ചു.

70 കിലോമീറ്ററോളം വരെ ഭക്തരുടെ നിര നീണ്ടു. ഇതോടെ നാടും നഗവും അക്ഷരാർത്ഥത്തിൽ ചക്കുളത്തമ്മയുടെ യജ്ഞശാലയായി മാറുകയായിരുന്നു. ക്ഷേത്രാങ്കണത്തിൽ പൊങ്കാലയിടാൻ പതിനായിരക്കണക്കിന് സ്ത്രീകൾ ചൊവ്വാഴ്ച തന്നെ ഇടം പിടിച്ചിരുന്നു. ക്ഷേത്രത്തിൽ നിന്ന് മുളക്കുഴ, ഇടിഞ്ഞില്ലം, തിരുവല്ല, വള്ളംകുളം, കറ്റോട്, ചെന്നിത്തല, പൊടിയാടി, വീയപുരം, പച്ച, എടത്വ മുട്ടാർ തുടങ്ങി വിവിധ റോഡുകളോട് ചേർന്നും പൊങ്കാലയിടീൽ നീണ്ടു.

കാപ്പുകെട്ടി 50ൽ അധികം വെളിച്ചപ്പാടുമാരാണ് ഇക്കുറി പൊങ്കാല നേദിച്ചത്. ഇവർ തിരുവായുധങ്ങളുമായി ഓരോ മൺകലങ്ങളുടേയും അടുത്തെത്തി ദേവിസാന്നിദ്ധ്യം അറിയിച്ച് പുഷ്പങ്ങളും തീർത്ഥങ്ങളും തളിച്ച് പൊങ്കാല ദേവിക്ക് സമർപ്പിച്ചു. സിനിമാതാരം ഗോകുൽ സുരേഷ് പൊങ്കാല ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. വൈകിട്ട് തൃക്കാർത്തിക സ്തംഭം കത്തിച്ചതോടെ ചടങ്ങുകൾ സമാപിച്ചു. തമിഴ്നാട്, കർണ്ണാടക, ആന്ധ്രപ്രദേശ്, തെലുങ്കാന, ഡെൽഹി എന്നിവിടങ്ങളിൽ നിന്നുള്ള ഭക്തരും പൊങ്കാലയ്ക്ക് എത്തിയിരുന്നു. എടത്വ ഇൻസ്പെക്ടർ കെ.എൽ. മഹേഷിന്റെ നേതൃത്വത്തിൽ എണ്ണൂറോളം പൊലീസുകാരും ആയിരത്തോളം ക്ഷേത്ര വോളണ്ടിയർമാരും രംഗത്തുണ്ടായിരുന്നു.