vbj
ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തൃക്കാർത്തിക മഹോത്സവത്തിന്റെ ഭാഗമായി തങ്കത്തിരുവാഭരണം ചാർത്തി മയിൽ വാഹനത്തിൽ എഴുന്നളളത്ത് നടന്നപ്പോൾ

ഹരിപ്പാട് : ദീപപ്രഭയിൽ ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രവും നാടും നഗരവും തിളങ്ങി നിന്നപ്പോൾ തങ്കത്തിരുവാഭരണം ചാർത്തി മയിൽ വാഹനത്തിൽ എഴുന്നള്ളിയ സുബ്രഹ്മണ്യ സ്വാമിയെ കണ്ട് സായൂജ്യമണയാൻ എത്തിയത് ആയിരക്കണക്കിന് ഭക്തർ. തൃക്കാർത്തിക ഉത്സവദിനമായ ഇന്നലെ രാവിലെ 4 ന് നട തുറന്നപ്പോൾ മുതൽ തന്നെ ക്ഷേത്രത്തിലേക്ക് ഭക്തജനങ്ങളുടെ ഒഴുക്കായിരുന്നു. സന്ധ്യയ്ക്ക് മയിൽവാഹന എഴുന്നള്ളത്ത് ആരംഭിച്ചപ്പോൾ ഭക്തരുടെ എണ്ണം പതിൻമടങ്ങായി വർദ്ധിച്ചു. ഹരിപ്പാട് എക്സൈസ് വകുപ്പ് വക വഴിപാടായി കാർത്തിക വിളക്ക് കർപ്പൂര ദീപക്കാഴ്ചയും നടന്നു. ഹരിപ്പാട് കോടതി സമുച്ചയത്തിലും പൊലീസ് സ്റ്റേഷനിലും ദീപാലങ്കാരവും കർപ്പൂരദീപവും ഒരുക്കിയിരുന്നു. കച്ചേരി ജംഗ്ഷനിൽ ഓട്ടോ ഡ്രൈവർമാരും ടാക്സി ഡ്രൈവർമാരും എഴിക്കകത്ത് ജംഗ്ഷനിൽ ചുമട്ട് തൊഴിലാളികളും, കച്ചവടക്കാരും ദീപാലങ്കാരം ഒരുക്കി.