തുറവൂർ: ദേശീയപാതയിൽ തിരക്കേറിയ തുറവൂർ ജംഗ്ഷൻ ഇരുട്ടിലായി മാസങ്ങൾ പിന്നിട്ടിട്ടും വെളിച്ചത്തിന് നടപടിയില്ല. കാലപ്പഴക്കത്താൽ ജംഗ്ഷനിലെ ഏക ഹൈമാസ്റ്റ് ലൈറ്റ് കണ്ണടച്ചതോടെ കാൽനടയാത്രക്കാർ ഇരുട്ടിലൂടെ തപ്പിതടഞ്ഞ് നടക്കേണ്ട ഗതികേടിലാണ്. അപകടങ്ങളും ഏറുകയാണ്.
കുത്തിയതോട്, തുറവൂർ ഗ്രാമ പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്നതാണ് തുറവൂർ ജംഗ്ഷൻ. ദേശീയപാതയിൽ ട്രാഫിക് സിഗ്നലുള്ള നാലും കൂടിയ കവലയാണിത്. നിർദ്ദിഷ്ട തുറവൂർ - പമ്പ പാത ആരംഭിക്കുന്നതും ഇവിടെ നിന്നാണ്. അനുദിനം വികസിച്ചു കൊണ്ടിരിക്കുന്ന തുറവൂരിൽ നിത്യേന ആയിരക്കണക്കിന് ആളുകളാണ് വന്നു പോകുന്നത്. പ്രസിദ്ധമായ തുറവൂർ മഹാക്ഷേത്രവും തുറവൂർ താലൂക്ക് ആശുപത്രിയും ജംഗ്ഷന് തൊട്ടരികിലാണ് സ്ഥിതി ചെയ്യുന്നത്. തുറവൂർ റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നതും ഇവിടെയെത്തിയാണ്.
2014ൽ കെ.സി.വേണുഗോപാൽ എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ വിനിയോഗിച്ചാണ് ജംഗ്ഷന്റെ ഹൃദയ ഭാഗത്ത് സിഗ്നലിന് അരികിൽ ആദ്യമായി ഒരു ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. ഇടയ്ക്കിടെ പണിമുടക്കിയിരുന്ന ഈ ലൈറ്റിന്റെ അറ്റകുറ്റപ്പണി നടത്തിയിരുന്നത് തുറവൂർ ഗ്രാമ പഞ്ചായത്താണ്. കാലക്രമേണ ഭാഗികമായി പ്രകാശിച്ചിരുന്ന ലൈറ്റ് അടുത്തിടെയാണ് പൂർണമായി പ്രവർത്തന രഹിതമായത്. സിഗ്നലിനു സമീപം മീഡിയനിലെ തെരുവ് വിളക്കുകൾ ഭൂരിഭാഗവും ഭാഗികമായാണ് തെളിയുന്നത്. ജനപ്രതിനിധികൾ മുൻകൈയെടുത്ത് ജംഗ്ഷനിൽ അടിയന്തിരമായി വെളിച്ചമേറിയ കൂടുതൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
# ഇരുട്ടിൽ തപ്പി കാൽനട യാത്രികർ
നിലവിൽ രാത്രി 8 നു ശേഷം പാതയോരത്തെ കടകളടച്ചു കഴിഞ്ഞാൽ ജംഗ്ഷൻ കൂരിരുട്ടിലാകും. വാഹനങ്ങളുടെ വെട്ടമാണ് കാൽനട യാത്രക്കാർക്ക് തെല്ലൊരാശ്വാസം. ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന കവലയിലെ ട്രാഫിക് സിഗ്നൽ തെളിയുമ്പോൾ ഇരുട്ടിലാണ് വാഹനങ്ങൾ നിറുത്തിയിടുന്നത്. സുരക്ഷിതമായി കാൽനട യാത്രക്കാർക്ക് റോഡ് മറികടക്കാനും പ്രയാസമേറെയാണ്. ദീർഘദൂര സർവീസ് നടത്തുന്ന ബസുകൾ വരെ നിറുത്തുന്ന ജംഗ്ഷനിൽ റോഡിന്റെ കിഴക്ക് - പടിഞ്ഞാറ് ഭാഗത്തായി 4 സ്റ്റോപ്പുകളുണ്ട്. കാർ- ഓട്ടോ- ഓട്ടോ ടാക്സി സ്റ്റാൻഡുകളുമുണ്ട്. ഇവയെല്ലാം രാത്രിയിൽ ഇരുട്ടിലാണ്.