
ചാരുംമൂട്: രാജ്യത്തെ കോർപ്പറേറ്റ് മാദ്ധ്യമങ്ങൾ മോദിയുടെ മുഖം വെളുപ്പിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം പുത്തലത്ത് ദിനേശൻ പറഞ്ഞു. ജി. ഭുവനേശ്വരന്റെ 45-ാം രക്തസാക്ഷി വാർഷികാചരണ യോഗം ചാരുംമൂട് കരിമുളയ്ക്കൽ ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട് ബി.ജെ.പി ഭരിക്കുമ്പോൾ കോൺഗ്രസിന് അവർക്കെതിരെ ഒന്നും ചെയ്യാനാവുന്നില്ല. നെഹ്രുവിനെ കെ.പി.സി.സി പ്രസിഡന്റ് തള്ളിപ്പറഞ്ഞു. ബാബറി മസ്ജിദ് തകർക്കാൻ ബി.ജെ.പിക്ക് ഒത്താശ ചെയ്ത കോൺഗ്രസ് മതനിരപേക്ഷത തകർക്കാൻ കൂട്ടു നിൽക്കുന്നു. കേരളത്തിൽ വലതുപക്ഷ മാദ്ധ്യമങ്ങൾ ഇടതുപക്ഷത്തിനെതിരെ വ്യാജ പ്രചാരണങ്ങൾ തുടരുകയാണ്. ഫെഡറൽ തത്വങ്ങൾ ഉയർത്തിപ്പിടിക്കുന്നത് ഇടതുപക്ഷം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ഏരിയ സെക്രട്ടറി ബി. ബിനു അദ്ധ്യക്ഷനായി. ജി. ഭുവനേശ്വരന്റെ സഹോദരനും മുതിർന്ന സി.പി.എം നേതാവുമായ മുൻ മന്ത്രി ജി സുധാകരൻ, അഡ്വ. ജി. ഹരിശങ്കർ, ജി. രാജമ്മ, കെ. രാഘവൻ, എം.എസ്. അരുൺകുമാർ എം.എൽ.എ, ആർ. രാജേഷ്, വി. വിനോദ്, വി.കെ. അജിത്ത്, ബി. വിശ്വൻ, പി. മധു, പി. രാജൻ, ആർ. ബിനു, വി. ഗീത, എസ്. പ്രശാന്ത്, ബി. പ്രസന്നൻ, ഒ. സജികുമാർ എന്നിവർ സംസാരിച്ചു. അഡ്വ. കെ.ആർ. അനിൽകുമാർ സ്വാഗതം പറഞ്ഞു. ജി സുധാകരൻ, സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം സി.എസ്. സുജാത, ജില്ലാ സെക്രട്ടറി ആർ. നാസർ എന്നിവരുടെ നേതൃത്വത്തിൽ രാവിലെ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയും പതാക ഉയർത്തലും നടന്നു. വൈകിട്ട് ചാരുംമൂട്ടിൽ അനുസ്മരണ റാലിയും നടത്തി.