ആലപ്പുഴ: കലവൂർ എൽ.എസ്.എച്ച് ഗ്രൗണ്ടിൽ നടക്കുന്ന ജില്ല കേരളോത്സവത്തിൽ കൈയിലെ പരിക്ക് വകവയ്ക്കാതെ 400 മീറ്റർ ഓട്ടത്തിൽ ഒന്നാമനായ ചേർത്തല എൻ.എസ്.എസ് കോളേജിലെ ബികോം അവസാനവർഷ വിദ്യാർത്ഥി വിശാൽ കൃഷ്ണ താരമായി. പട്ടണക്കാട് ബ്ലോക്കിനെ പ്രതിനിധീകരിച്ചു മത്സരിച്ച വിശാൽ മിന്നും പ്രകടനം കാഴ്ചവെച്ചത്. ക്രിക്കറ്റ് പരിശീലനത്തിനിടെയാണ് തുറവൂർ നെടുമ്പള്ളിൽ വീട്ടിൽ വിശാലിന് വലതു കൈയ്ക്ക് ഒടിവുണ്ടായത്. 100 മീറ്റർ ഓട്ടത്തിൽ മൂന്നാം സ്ഥാനം നേടിയ വിശാൽ 400 മീറ്റർ റിലേയിലും പങ്കെടുത്തു. സ്‌കൂൾ തലം മുതൽ അത്‌ലറ്റിക് മത്സരങ്ങളിൽ പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. കഴിഞ്ഞ സംസ്ഥാന കായിക മേളയിൽ 400 മീറ്റർ ഓട്ടത്തിൽ പങ്കെടുത്തിരുന്നു. കായികാദ്ധ്യാപകൻ തിലകന്റെ നേതൃത്വത്തിലാണ് പരിശീലനം.