ഹരിപ്പാട്: വഴുതാനം ചിറക്കുഴി പാടശേഖരത്തിലെ കർഷകർക്ക് ആശ്വാസമായി പുറം ബണ്ട് നിർമ്മാണം. ഹരിതം ഹരിപ്പാട് പദ്ധതിയിൽപ്പെടുത്തി രണ്ട് കോടിയിലേറെ മുടക്കിയാണ് പാടശേഖരത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് ബണ്ട് നിർമ്മിക്കുന്നത്.
അച്ചൻകോവിലാറിന്റെ കൈവഴിയായ കരിയിൽ ചിറക്കുഴി തോടിന്റെ വശത്താണ് 710 മീറ്റർ നീളത്തിൽ പുറംബണ്ട് നിർമാണം പുരോഗമിക്കുന്നത്. ബണ്ടിന്റെ മദ്ധ്യഭാഗത്തായി മോട്ടർ തറയും നിർമ്മിക്കുന്നുണ്ട്. ബണ്ട് ഇല്ലാത്തതിനാൽ മട വീണ് കൃഷി നശിക്കുന്നത് പതിവായിരുന്നു. കഴിഞ്ഞ സീസണിൽ 80 ഏക്കറിലെ നെൽകൃഷിയാണ് മട വീണ് നശിച്ചത്. ഇതിന്റെ നഷ്ടപരിഹാരം കർഷകർക്ക് ലഭിച്ചിട്ടില്ല. ബണ്ടിന്റെ പണി നടക്കുന്നതിനാൽ ഇതുവരെ കൃഷിയിറക്കാൻ കഴിഞ്ഞിട്ടില്ല. തോടിന്റെ വശത്ത് കുഴിയെടുത്താണ് ബണ്ട് നിർമിക്കുന്നത്. അതിനാൽ പാടശേഖരത്തിൽ നിന്നു വെള്ളം പമ്പ് ചെയ്ത് കളയാൻ കഴിയാത്ത സ്ഥിതിയാണ്.
ബണ്ട് നിർമിക്കുന്നതിന് സമീപം വരമ്പ് കെട്ടി വെള്ളം പമ്പ് ചെയ്ത് കളഞ്ഞ് കൃഷിയിറക്കാനുള്ള സാഹചര്യം ഒരുക്കാമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ടെന്ന് കർഷകർ പറയുന്നു. മോട്ടോർ വാടകയ്ക്ക് എടുത്തിട്ട് രണ്ടാഴ്ചയായതായി കർഷകർ പറഞ്ഞു. പാടശേഖരത്തിലേക്ക് ട്രാക്ടർ ഇറക്കുന്നതിലും ബുദ്ധിമുട്ടുണ്ട്. പാടശേഖരത്തിലെ പത്ത് ഏക്കറോളം സ്ഥലത്ത് ചെളിയെടുത്ത് കുഴിയായി കിടക്കുകയാണ്. ഇവിടെ കൃഷിയിറ ക്കാൻ കഴിയില്ല. പാടശേഖരത്തിന്റെ മദ്ധ്യത്തിലൂടെയുള്ള മേടേക്കടവ് തോടിനും ബണ്ടില്ല. പുറം ബണ്ടുകൾ എല്ലാ ഭാഗത്തും നിർമ്മിച്ചാൽ മാത്രമേ അപ്രതീക്ഷിതമായുണ്ടാകുന്ന മഴയിൽ നിന്നും വെള്ളപ്പൊക്കത്തിൽ നിന്നും കൃഷിയെ രക്ഷി ക്കാൻ കഴിയുകയുള്ളൂ എന്ന് കർഷകർ പറയുന്നു.
പുറം ബണ്ട് നിർമ്മാണം നടക്കുന്നതിനാൽ കൃഷി ഇറക്കാൻ വൈകുന്നുണ്ട്. എന്നാലും കൃഷിക്ക് സംരക്ഷണം ലഭിക്കുമെന്നത് സന്തോഷം പകരുന്നു. മോട്ടോർ വാടക കൂടുമെന്ന സാഹചര്യം നിലവിലുണ്ട്. ഇവിടെക്ക് അനുവദിച്ച മോട്ടോർ മുൻ സെക്രട്ടറി തിരിമറി നടത്തിയത് സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്
കർഷകർ