ആലപ്പുഴ: സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെയും ജില്ലാ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കേരളോത്സവത്തിന് ആവേശകരമായ തുടക്കം. കലവൂർ എൽ.എസ്.എച്ച് ഗ്രൗണ്ടിൽ ആദ്യ ദിനം അത്‌ലറ്റിക് മത്സരങ്ങൾ അവസാനിച്ചപ്പോൾ 91 പോയിന്റ് നേടി ആലപ്പുഴ നഗരസഭ മുന്നിലെത്തി.
65 പോയിന്റോടെ തൈക്കാട്ടുശേരി ബ്ലോക്ക് രണ്ടാമതും 59 പോയിന്റോടെ കഞ്ഞിക്കുഴി ബ്ലോക്ക് മൂന്നാമതുമുണ്ട്. മെൻ, വിമൻ, സീനിയർ ബോയ്സ്, സീനിയർ ഗേൾസ് എന്നിങ്ങനെ നാല് വിഭാഗങ്ങളിലാണ് കായിക മത്സരങ്ങൾ നടന്നത്. പുരുഷ വിഭാഗത്തിൽ 11 പോയന്റോടെ വിജയ് നിക്സൺ വ്യക്തിഗത ചാമ്പ്യനായി. വനിതാവിഭാഗത്തിൽ 13 പോയിന്റോടെ എസ്.ആരതിയും സീനിയർ ബോയ്സ് വിഭാഗത്തിൽ 13 പോയിന്റുമായി വിഷ്ണു വനോദും സീനിയർ ഗേൾസ് വിഭാഗത്തിൽ 15 പോയിന്റോടെ എ.വി.അഭിരാമിയും വ്യക്തിഗത ചാമ്പ്യൻഷിപ്പ് നേടി.
ഇന്ന് ആര്യാട് ബ്ലോക്ക് പരിധിയിലെ വിവിധയിടങ്ങളിൽ കായിക മത്സരങ്ങൾ നടക്കും. ആയിരത്തോളം കായിക പ്രതിഭകൾ ഇന്നലെ നടന്ന മത്സരങ്ങളിൽ പങ്കെടുത്തു. സമാപന ദിവസമായ ഇന്ന് എൽ.എസ്.എച്ച് ഗ്രൗണ്ടിൽ വോളിബോൾ മത്സരവും ശ്രീസായി നീന്തൽ കുളത്തിൽ നീന്തൽ മത്സരവും നടക്കും