photo
ചാരമംഗലം ഗവ. സംസ്‌കൃതം സ്‌കൂളിലെ ഫുട്‌ബാൾ എക്സിബിഷനിൽ പങ്കെടുക്കാനെത്തിയ കളക്ടർ വി.ആർ.കൃഷ്ണതേജ സ്കൂൾ മുറ്റത്തെ ചെറിയ ഗോൾപോസ്റ്റിൽ ഗോളടിക്കുന്നു

ആലപ്പുഴ: ലോകകപ്പ് ഫുട്‌ബോളിനോട് അനുബന്ധിച്ചു ചാരമംഗലം ഗവ. സംസ്‌കൃതം സ്‌കൂൾ സംഘടിപ്പിക്കുന്ന ഫുട്‌ബോൾ എക്സിബിഷൻ കളക്ടർ വി.ആർ.കൃഷ്ണ തേജ സന്ദർശിച്ചു. കുട്ടികളെ കളിക്കളത്തിലേക്ക് ആകർഷിക്കാനും ലഹരിവിരുദ്ധ ബോധവത്കരണത്തിനും മൊബൈൽ ഉപയോഗം കുറയ്ക്കാനും ചിത്രപ്രദർശനം, ചരിത്ര പ്രദർശനം, പ്രവചന മത്സരം, ലോകകപ്പ് ഫുട്‌ബോളിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ ദേശീയ പതാക പ്രദർശനം, ലോകകപ്പ് ക്വിസ് എന്നിങ്ങനെ വിവിധ പരിപാടികൾ സ്‌കൂളിൽ നടന്നു. ലഹരിക്കെതിരെ നമ്മൾ വലിയ യുദ്ധത്തിലാണെന്നും അതിൽ സർക്കാരിനൊപ്പം എല്ലാവരും പങ്കുചേരണമെന്നും കളക്ടർ അഭിപ്രായപ്പെട്ടു. ലോകകപ്പിലെ ഇഷ്ട ടീം ഏതെന്ന കുട്ടികളുടെ ചോദ്യത്തിന് അർജന്റീന എന്ന കളക്ടറുടെ മറുപിടിയിൽ നിറയെ കൈയടി ഉയർന്നു. കുട്ടികൾക്കൊപ്പം സെൽഫി എടുത്താണ് കളക്ടർ മടങ്ങിയത്. പി.ടി.എ പ്രസിഡന്റ് എം.ആർ.രജീഷ് അദ്ധ്യക്ഷത വഹിച്ചു. കായിക അദ്ധ്യാപകൻ ടി.എഫ്. സിജോ, സ്‌കൂൾ പി.ടി.എ അംഗങ്ങളായ അജിത്, വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.