s

കായംകുളം: കീരിക്കാട് മൂലശ്ശേരി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന സഹോദരിമാരായ മിനി, സ്മിത എന്നിവരെയും അയൽവാസി നീതുവിനേയും വാൾ കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ രണ്ടു പേർ പിടിയിൽ.

മൂന്നാം പ്രതി കൃഷ്ണപുരം പുതുവൽ ഹൗസിൽ നിന്നു ഓച്ചിറ മേമനല്ലൂർ മുക്കിന് കിഴക്ക് വശം പുതുവൽ ഹൗസിൽ സജിത്ത് (32), നാലാം പ്രതി കൃഷ്ണപുരം പുതുവൽ ഭാഗം വാർഡിൽ ഉത്തമാലയം വീട്ടിൽ ഉല്ലാസ് ഉത്തമൻ (33) എന്നിവരാണ് കായംകുളം പൊലീസിന്റെ പിടിയിലായത്.

6ന് രാത്രി 8.30 ഓടെയായിരുന്നു സംഭവം. കഴിഞ്ഞ ഓണക്കാലത്ത് വീടിന് സമീപം പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തതിലും ഒന്നാം പ്രതിയായ ബിജുവിന്റെ വീട്ടിലെ മാവിൽ നിന്നു മാങ്ങ പറിച്ചതിലുമുള്ള വിരോധവും മൂലമാണ് ബിജുവും മറ്റ് മൂന്നുപേരും കൂടി മിനിയുടെ വീട്ടുമുറ്റത്ത് കയറി മിനിയേയും സഹോദരിയെയും തടയാൻ ചെന്ന നീതുവിനേയും വാളു കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചത്. കായംകുളം ഡിവൈ.എസ്.പി അലക്സ് ബേബിയുടെ മേൽനോട്ടത്തിൽ എസ്.ഐ ഉദയകുമാർ, ശ്രീകുമാർ, പൊലീസുകാരായ രാജേന്ദ്രൻ, ദീപക്, അരുൺ, ശ്രീനാഥ്, ഫിറോസ്, സനോജ്, ഷാജഹാൻ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.