മാന്നാർ: പരിശുദ്ധ മാർത്തോമാ ശ്ലീഹായുടെ നാമഥേയത്തിൽ സ്ഥാപിതമായ കുട്ടമ്പേരൂർ സീയോൻപുരം സെന്റ്.തോമസ് ഓർത്തഡോക്സ്‌ പള്ളിയിൽ നാളെ മുതൽ 19 വരെ നടക്കുന്ന ഓർമ്മപ്പെരുന്നാളിന്‌ നാളെ കൊടിയേറും. രാവിലെ 7 ന് വിശുദ്ധ കുർബാനയും തുടർന്നുള്ള കൊടിയേറ്റിനും ഇടവക വികാരി ഫാ.സന്തോഷ്‌ വി.ജോർജ് മുഖ്യ കാർമികത്വം വഹിക്കും. തുടർന്നുള്ള കുടുംബസംഗമവും ആദ്ധ്യാത്മിക സംഘടനകളുടെ വാർഷികവും സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഹ്യൂമൻ എംപവർമെന്റ് കൗൺസിലർ സുനിൽ.ഡി.കുരുവിള മുഖ്യപ്രഭാഷണം നടത്തും. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.കെ പ്രസാദ്, വാർഡ് മെമ്പർ അനീഷ് മണ്ണാരേത്ത്, ഫാ.തോമസ് പുന്നുസ്, ഡീക്കൻ സഞ്ജു മാത്യു എന്നിവർ സംസാരിക്കും. തുടർന്നുള്ള ദിനങ്ങളിൽ വചന ശുശ്രൂഷയ്ക്ക് അഖില മലങ്കര വൈദികസംഘം ജനറൽസെക്രട്ടറി ഫാ.ഡോ.നൈനാൻ വി.ജോർജ്, ശുശ്രൂഷക സംഘം ജനറൽ സെക്രട്ടറി ബിജു വി.പന്തപ്ലാവ്, കാതോലിക്കേറ്റ് പി.ആർ.ഒ. ഫാ.ഡോ.മോഹൻ ജോസഫ് എന്നിവർ നേതൃത്വം നൽകും.17 ന് രാവിലെ ബസലേൽ റമ്പാച്ചൻ വിശുദ്ധ കുർബാന അർപ്പിക്കും. തുടർന്ന് കൊല്ലകടവ് സഞ്ജീവനി ആശുപത്രിയുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടക്കും. 18 ന് രാവിലെ ഫാ.തോമസ് പുന്നൂസ് വിശുദ്ധ കുർബാന അർപ്പിക്കും. വൈകിട്ട് 6 ന് വിശുദ്ധ റാസ പല്ലാട്ടുശ്ശേരിൽ ഉമ്മൻ പി.ജോസിന്റെ ഭവനത്തിൽ നിന്നാരംഭിച്ച് ഇടവക ഭവനങ്ങൾ സ്ഥിതിചെയ്യുന്ന വഴികളിലൂടെ സഞ്ചരിച്ച് പള്ളിയിൽ സമാപിക്കും. 19 ന് മാവേലിക്കര ഭദ്രാസനാധിപൻ എബ്രഹാം മാർ എപ്പിഫാനിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമ്മികത്വത്തിലും ഫാ. ജോൺ ചുനക്കര, ഫാ. കോശി മാത്യു എന്നിവരുടെ സഹ കാർമ്മികത്വത്തിലും വിശുദ്ധ മൂന്നിന്മേൽ കുർബാന അർപ്പിക്കും. ഗാനശുശ്രൂഷ, സ്ലൈകിക വാഴ്‌വ്, അവാർഡ് ദാനം, കൊടിയിറക്ക്, നേർച്ച വെച്ചൂട്ട് എന്നിവയോടെ പെരുന്നാൾ സമാപിക്കുമെന്ന് ഇടവക വികാരി ഫാ.സന്തോഷ് വി.ജോർജ്, ട്രസ്റ്റി ജോർജ് യോഹന്നാൻ, സെക്രട്ടറി ജോർജ് ചെറിയാൻ, കൺവീനർ ഒ.എം.പുന്നുസ് എന്നിവർ അറിയിച്ചു.