bus-stand-mannar-
മാന്നാർ ഗ്രാമപഞ്ചായത് ബസ് സ്റ്റാൻഡിലെ തകർന്നു കിടക്കുന്ന റോഡ്

മാന്നാർ: മാന്നാറിൽ തകർന്ന കിടക്കുന്ന റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന ആവശ്യം ശക്തമാക്കി പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ. ബസുകൾക്ക് സഞ്ചരിക്കാൻ കഴിയാത്തവിധം ബസ് സ്റ്റാൻഡ് റോഡ് പൂർണമായും തകർന്ന നിലയിലാണ്. ഇതോടെ സ്വകാര്യ ബസുകളിൽ പലതും സ്റ്റാൻഡിൽ കയറാതെയാണ് സർവീസ് നടത്തുന്നത്. നിലവിൽ മാന്നാർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിൽ കയറാത്ത ബസുകൾക്കെതിരെ ഗ്രാമ പഞ്ചായത്ത് നടപടികളുമായി മുന്നോട്ടു പോകുന്ന സാഹചര്യമാണ്. ഇതിനെതിരെ പ്രതിഷേധത്തിലാണ് പ്രൈവറ്റ് ബസ് അസോസിയേഷൻ. എത്രയും വേഗം റോഡിന്റെ ശോച്യാവസ്ഥ പരിഹരിച്ച് ബസുകൾ സ്റ്റാൻഡിൽ കയറുന്നതിനുള്ള സാഹചര്യം ഒരുക്കണമെന്നാണ് അസോസിയേഷന്റെ ആവശ്യം.

സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സി ബസുകളും സ്റ്റാൻഡിൽ കയറാത്തതിനെതിരെ നൽകിയ പൊതു താത്പര്യ ഹർജിയിൽ എല്ലാ സ്വകാര്യ ബസുകളും സ്റ്റാൻഡിൽ കയറണമെന്നാണ് ചെങ്ങന്നൂർ സബ് കോടതി ഉത്തരവ്. എന്നാൽ കെ.എസ്.ആർ.ടി.സി ബസുകൾ കോടതി ഉത്തരവ് പാലിക്കാതിരുന്നതിനാൽ സ്വകാര്യ ബസുകളിൽ യാത്രക്കാർ കുറഞ്ഞു. ഇതിനൊപ്പം ഇന്ധനച്ചെലവ് വർദ്ധിക്കുകയും റോഡിന്റെ ശോച്യാവസ്ഥയുമാണ് പല ബസുകളും സ്റ്രാൻഡിൽ കയറാത്തതെന്നാണ് അസോസിയേഷൻ ആരോപിക്കുന്നത്.

.........

''തകർന്നുകിടക്കുന്ന റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുകയും കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകൾ കയറുകയും ചെയ്തെങ്കിൽ മാത്രമേ ,സ്വകാര്യ ബസുകൾ സ്റ്റാൻഡിൽ കയറുന്നതിനുള്ള നിർദേശം നൽകാൻ സാധിക്കുകയുള്ളൂ.

(പാലമുറ്റത്ത് വിജയകുമാർ,​പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് )​