ആലപ്പുഴ: അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് വാർഡ് അഞ്ചിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ജില്ല കളക്ടർ വി.ആർ.കൃഷ്ണ തേജയുടെ അദ്ധ്യക്ഷതയിൽ അടിയന്തര യോഗം ചേർന്ന് ഈ മേഖലകളിൽ രോഗപ്രതിരോധ നടപടികൾ ഉർജിതമാക്കാൻ തീരുമാനിച്ചു. രോഗം സ്ഥിരീകരിച്ച സ്ഥലത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മേഖലയിലെ താറാവുകളെയും മറ്റു പക്ഷികളെയും കൊന്ന് മറവു ചെയ്യുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കും. പഞ്ചായത്തിലെ 14,100 പക്ഷികളെയാണ് നശിപ്പിക്കേണ്ടത്.

കള്ളിംഗ് നടത്തുന്നതിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കി നൽകാൻ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് അധികൃതർക്ക് കളക്ടർ നിർദ്ദേശം നൽകി. പ്രഭവകേന്ദ്രത്തിന്റെ 10 കിലോമീറ്റർ ചുറ്റളവിൽ വരുന്ന പുന്നപ്ര വടക്ക്, പുന്നപ്ര തെക്ക്, അമ്പലപ്പുഴ വടക്ക്, അമ്പലപ്പുഴ തെക്ക്, തകഴി, പുറക്കാട്, ചമ്പക്കുളം, നെടുമുടി, കരുവാറ്റ പഞ്ചായത്തുകളിൽ പക്ഷികൾ, മുട്ട, കാഷ്ടം എന്നിവയുടെ വിൽപനയും കടത്തലും നടക്കുന്നില്ലെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് ഉറപ്പുവരുത്തും.